അങ്കമാലി: മാസം തികയാതെ, തൂക്കക്കുറവോടെ ജനിച്ച പെൺകുഞ്ഞിനെ രക്ഷപ്പെടുത്തി അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ. 24 ആഴ്ച ഗർഭാവസ്ഥയിൽ ജനിച്ച 600 ഗ്രാം മാത്രം ഭാരമുണ്ടായിരുന്ന ഇരട്ട കുഞ്ഞുങ്ങളിൽ ഒരാളെയാണ് കൃത്യമായ 88 ദിവസത്തെ തീവ്ര പരിചരണത്തിലൂടെ രക്ഷപ്പെടുത്തിയത്. നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ആറുമാസം മാസം തികയാതെ ജനിച്ച കുഞ്ഞിന് ജനന സമയം മുതൽ തീവ്രപരിചരണ വിഭാഗത്തിൽ 25 ദിവസത്തെ ഇൻവേസീവ് വെൻ്റിലേറ്റർ സപ്പോർട്ടും 50 ദിവസത്തെ നോൺ-ഇൻവേസീവ് റെസ്പിറേറ്ററി സപ്പോർട്ടും നൽകുകയായിരുന്നു. നവജാത ശിശുക്കളിലെ ഡക്ടസ് ആർട്ടീരിയോസ്സ് രക്തക്കുഴൽ അടയാതിരിക്കുന്ന അവസ്ഥയായ പി.ഡി.എ അഥവാ പേറ്റന്റ് ഡക്ടസ് ആർട്ടീരിയോസസുമായി ജനിച്ച കുഞ്ഞിന്റെ രക്തസമ്മർദത്തിൽ വ്യതിയാനമുണ്ടായിരുന്നു. മറ്റു കുഞ്ഞുങ്ങളെപ്പോലെ മുലപ്പാൽ കുടിക്കാനും കുഞ്ഞിന് കഴിയുമായിരുന്നില്ല. ഇത്തരം പ്രശ്നങ്ങൾക്കിടയിലും അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ നിയോനാറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജിനോ ജോസഫിൻ്റെയും നിയോനറ്റോളജിസ്റ് ഡോ. നൈസ് ജോൺസൻ്റെയും നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം നൽകിയ 88 ദിവസത്തെ ശ്രദ്ധേയമായ പരിചരണത്തിന് ശേഷം കുഞ്ഞിനെ 2.3 കിലോ ഭാരത്തോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
നാലു വർഷക്കാലമായി കുഞ്ഞുങ്ങളുണ്ടാകാതിരുന്ന 30 വയസ്സുകാരിയുടെ ആദ്യ പ്രസവമായിരുന്നു ഇത്. ഇൻട്രാ യൂട്ടറൈൻ ഇൻസെമിനേഷന്റെ (ഐയുഐ) സഹായത്തോടെയാണ് ഗർഭം ധരിച്ചത്. പ്രമേഹമുണ്ടായിരുന്നതിനാൽ ഹൈ റിസ്‌ക് പ്രഗ്നന്‍സി വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഗർഭത്തിൻറെ മൂന്നാം മാസത്തിൽ, മാസം തികയാതെയുള്ള പ്രസവം തടയാൻ ഗർഭപാത്രം തുന്നിക്കെട്ടിയെങ്കിലും, ആറാം മാസത്തിൽ, ഗർഭപാത്രം പൂർണ്ണമായും തുറക്കുകയും സജീവമായി വെള്ളം പോകുകയും ചെയ്തതിനാൽ സിസ്സേറിയനിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുക്കുകയിരുന്നു.
ഗർഭധാരണവുമായി ബന്ധപ്പെട്ട് അപകടസാധ്യതകൾ ഉണ്ടായിരുന്നിട്ടും, ഒബ്‌സ്റ്റട്രിക്‌സ് ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. എലിസബത്തിൻ്റെ മാർഗനിർദേശപ്രകാരം, ഗർഭാവസ്ഥയിലുടനീളം സമയബന്ധിതമായ മെഡിക്കൽ സഹായവും പരിചരണവും നല്കിയത് അമ്മയുടെ ആരോഗ്യസുരക്ഷയിൽ നിർണായകമായി. ജൂനിയർ റസിഡൻ്റ് ഡോ. ഉമ, ഹെഡ് നഴ്‌സ് അധീന എന്നിവരും മെഡിക്കൽ സംഘത്തിലുണ്ടായിരുന്നു.
“അമ്മയുടെ പ്രമേഹാവസ്ഥയും ഇരട്ടക്കുട്ടികളുടെ മാസം തികയാതെയുള്ള ജനനവും കാരണം ഏറെ വെല്ലുവിളികൾ നിറഞ്ഞ ഒരു കേസായിരുന്നു ഇത്. എന്നിരുന്നാലും, അമ്മയുടെയും അച്ഛന്റെയും പിന്തുണയോടൊപ്പം ഞങ്ങളുടെ മെഡിക്കൽ സംഘം നൽകിയ ശ്രദ്ധേയമായ പരിചരണവും ചേർന്നപ്പോൾ മറ്റ് പ്രതിബന്ധങ്ങളെ തരണം ചെയ്യാനും അമ്മയുടെയും കുഞ്ഞിൻ്റെയും പൂർണ ആരോഗ്യം ഉറപ്പാക്കാനും സാധിച്ചു. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഇൻട്രാവെൻട്രിക്കുലാർ ഹെമറേജ്, റെറ്റിനോപ്പതി ഓഫ് പ്രീമെച്യുരിറ്റി, ബ്രോങ്കോപൾമണറി ഡിസ്പ്ലാസിയ തുടങ്ങിയ വൈകല്യങ്ങൾ ഒന്നുമില്ലാതെ കുഞ്ഞ് രക്ഷപെട്ടു എന്നുള്ളത് സന്തോഷമുള്ള കാര്യമാണ്. കുഞ്ഞും അമ്മയും മറ്റു പ്രശ്നനങ്ങളില്ലാതെ സുഖമായിരിക്കുന്നുവെന്നും .”, ഡോ. ജിനോ ജോസഫ് പറഞ്ഞു. ” 37 ആഴ്ചയാണ് സാധാരണ ഗര്‍ഭകാലം എന്നിരിക്കേ 24 ആഴ്‌ചയിൽ ജനിച്ച കുഞ്ഞിൻ്റെ അതിജീവനം മെഡിക്കൽ രംഗത്തെ ഒരു അത്ഭുതമാണ്, അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിലെ നിയോനറ്റോളജി വിഭാഗത്തിന്റെയും ഗൈനക്കോളജി വിഭാഗത്തിന്റെയും കൂട്ടായ പരിശ്രമത്തിനൊടുവിലാണ് കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സാധിച്ചത്. ഇത് സമാന വെല്ലുവിളികൾ നേരിടുന്ന എണ്ണമറ്റ കുടുംബങ്ങൾക്ക് പ്രതീക്ഷ നൽകുന്നു,” എന്ന് അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ സിഇഒ സുദർശൻ ബി പറഞ്ഞു.