കോട്ടയം: ശബരിമലയില്‍ നടപ്പാക്കുന്നത് ആരുടെ പിടിവാശി.. മാലയിട്ടു വ്രതം നോറ്റു മലചവിട്ടി വരുന്ന ഭക്തരെകാത്ത് ഒരു മണ്ഡലകാല ദുരിതം കൂടി. സ്‌പോട്ട് ബുക്കിങ് സംബന്ധിച്ച കാര്യത്തില്‍ ഇനിയും അവ്യക്തത ഇപ്പോഴും നിലനില്‍ക്കുന്നതാണു ഭക്തരെ ആശങ്കയിലാക്കുന്നത്.
പക്ഷേ, സ്‌പോട്ട് ബുക്കിങ് വേണ്ടെന്ന നിലപാടില്‍ നിന്നു സര്‍ക്കാരോ ദേവസ്വംബോര്‍ഡോ പിന്മാറാന്‍ ഇതുവരെ തയാറല്ല. മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിലാണു സ്‌പോട്ട് ബുക്കിങ് ഒഴിവാക്കാന്‍ തീരുമാനിച്ചത്.
അതിനല്‍ തീരുമാനം മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണു ദേവസ്വം മന്ത്രി വി.എന്‍.വാസവന്റെയും നിലപാട്. ചുരുക്കി പറഞ്ഞാല്‍ മുഖ്യമന്ത്രിയുടെ തീരുമാനത്തിനപ്പുറം ഒന്നും ദേവസ്വം ബോര്‍ഡ് സ്വീകരിക്കില്ലെന്നു ചുരുക്കം.
ശബരിമലയില്‍ എത്തുന്നവരുടെ സുരക്ഷയും ആരോഗ്യവും പ്രധാനമാണ്. അതിനു വേണ്ടിയാണു വെര്‍ച്വല്‍ ബുക്കിങ് ഒരുക്കിയത്. ഒരു ഭക്തനും ദര്‍ശനം കിട്ടാതെ മടങ്ങുന്ന സ്ഥിതിയുണ്ടാകില്ലെന്നും ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂവുമായി മുന്നോട്ടു പോകുമെന്നാണ് ഇന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞത്.
ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യമുള്‍പ്പെടെ തയാറാക്കാനായി വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആധികാരിക രേഖയായി കണക്കാക്കുമെന്നും ദേവസ്വം പറയുന്നു. വിവാദം രൂക്ഷമായതോടെ സി.പി.ഐ മുഖപത്രമായ ജനയുഗവും സര്‍ക്കാരിനെതിരെ രംഗത്തുവന്നിരുന്നു.
ശബരിമലയിലെ ദര്‍ശനത്തിനു വെര്‍ച്വല്‍ ബുക്കിങ് മാത്രം പോരെന്നും സ്‌പോട്ട് ബുക്കിങ് കൂടി വേണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള നേതാക്കള്‍ മുന്നറയിപ്പു നല്‍കി.
ദര്‍ശനത്തിനുള്ള പരിഷ്‌കാരം ബി.ജെ.പിയുടെയും ഹിന്ദു സംഘടനകളുടെയും ഭക്തജനങ്ങളുടെയാകെ എതിര്‍പ്പിനു കാരണമാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എന്നാല്‍, ആശ്വാസ നടപടികള്‍ ഒന്നും തന്നെ സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നു മാത്രം.
സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പിടി വാശി വെടിഞ്ഞാല്‍ ശബരിമലയില്‍ പ്രതിദിനം കുറഞ്ഞത് 18,000 തീര്‍ഥാടകര്‍ക്ക് സ്‌പോട്ട് ബുക്കിങിലൂടെ ദര്‍ശന സൗകര്യമൊരുക്കാനാവും.
ശബരിമല ദര്‍ശനത്തിന് ഒരു ദിവസം ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവരില്‍ കുറഞ്ഞത് 20% പേര്‍ എത്താറില്ലെന്നാണു ദേവസ്വം ബോര്‍ഡിന്റ കണക്ക്. കഴിഞ്ഞ മണ്ഡലകാലത്ത് 90,000 പേര്‍ക്ക് ഓണ്‍ലൈനായും 15,000 പേര്‍ക്ക് സ്‌പോട്ട് ബുക്കിങ് വഴിയും ദര്‍ശന സൗകര്യമൊരുക്കിയിരുന്നു.
ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവരില്‍ എത്താതിരിക്കുന്ന 20% പേര്‍ക്ക് പകരം 18,000 പേര്‍ക്കു ദര്‍ശനമൊരുക്കാനാകും. കഴിഞ്ഞ തവണത്തെ കണക്കു കൂടി പരിഗണിച്ചാല്‍ 33,000 പേര്‍ക്കു സ്‌പോട്ട് ബുക്കിങിലുടെ ദര്‍ശനമൊരുക്കാം.
എന്നാല്‍, ഇത്തവണ സ്‌പോട്ട് ബുക്കിങ് ഒഴിവാക്കി ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന 80,000 പേര്‍ക്ക് മാത്രമേ ദര്‍ശനമൊരുക്കൂ എന്ന നിലപാടിലാണു സര്‍ക്കാരും ദേവസ്വം ബോര്‍ഡും.
നിലപാട് മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ ബി.ജെ.പിയും ഹിന്ദു സംഘടനകളും പന്തളം കൊട്ടാരവും അയ്യപ്പ സേവാ സംഘങ്ങളും പ്രക്ഷോഭത്തിനൊരുങ്ങുമ്പോള്‍ ഈ മണ്ഡലകാലവും കലുഷിതമാകുമെന്നുറപ്പായി.