തിരുവനന്തപുരം: പ്രമുഖ ട്രാവല്‍ വെബ്സൈറ്റായ സ്കൈസ്കാന്നറിന്‍റെ ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷന്‍ പട്ടികയില്‍ തിരുവനന്തപുരവും. 2025 ല്‍ വിനോദസഞ്ചാരികള്‍ യാത്ര ചെയ്യാന്‍ താത്പര്യപ്പെടുന്ന ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനുകളുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ് തിരുവനന്തപുരം ഉള്ളത്.
ഡെസ്റ്റിനേഷനുകള്‍ക്കായുള്ള കഴിഞ്ഞ 12 മാസത്തെ തിരച്ചിലിലെ വര്‍ധനവ് അടിസ്ഥാനമാക്കിയാണ് സ്ഥലങ്ങളെ പട്ടികപ്പെടുത്തിയത്. ഇക്കാലയളവില്‍ 66 ശതമാനം വര്‍ധനവാണ് തിരുവനന്തപുരത്തിന് ഉണ്ടായത്. ഇറ്റലിയിലെ റെഗ്ഗിയോ കലാബ്രിയ ആണ് പട്ടികയില്‍ ഒന്നാമത്. എസ്റ്റോണിയയിലെ താര്‍തു രണ്ടാമതും. 2024 ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെ നിശ്ചിത നഗരങ്ങളിലേക്കുള്ള വിമാന യാത്രയ്ക്കായുള്ള അന്വേഷണത്തിലെ വര്‍ധനവ് അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. 2023 ല്‍ ഇതേ കാലയളവിലെ അന്വേഷണവുമായി താരതമ്യപ്പെടുത്തിയാണ് വര്‍ധനവ് രേഖപ്പെടുത്തിയത്.
സമ്പന്നമായ പ്രകൃതിഭംഗിയോടൊപ്പം ഹെല്‍ത്ത്-വെല്‍നെസ് ടൂറിസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജനപ്രിയ ഡെസ്റ്റിനേഷന്‍ ആണെന്നതാണ് തിരുവനന്തപുരത്തെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നിലനിര്‍ത്തുന്നതെന്ന് സ്കൈസ്കാന്നര്‍ കണ്ടെത്തുന്നു.
യാത്രികരുടെ മാറുന്ന അഭിരുചികള്‍ തിരിച്ചറിഞ്ഞുകൊണ്ട് കേരളം നടപ്പാക്കുന്ന നൂതന ടൂറിസം ഉത്പന്നങ്ങള്‍ക്കും പദ്ധതികള്‍ക്കുമുള്ള അംഗീകാരമാണ് പ്രമുഖ ട്രാവല്‍ വെബ്സൈറ്റായ സ്കൈസ്കാന്നറിന്‍റെ പട്ടികയില്‍ ഉള്‍പ്പെടാന്‍ ഇടയാക്കിയതെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പുതിയ കാലത്ത് ഹെല്‍ത്ത്-വെല്‍നെസ് ടൂറിസത്തിന് വലിയ പ്രാധാന്യമാണ് സഞ്ചാരികള്‍ നല്‍കുന്നത്. സഞ്ചാരികളുടെ ഈ താത്പര്യത്തിന് ഉതകുന്ന ഏറ്റവും അനുയോജ്യമായ ഡെസ്റ്റിനേഷനുകളിലൊന്നാണ് കേരളമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുതിയ യാത്രാ പ്രവണതകള്‍ മനസ്സിലാക്കുന്നതിനായി സ്കൈസ്കാന്നര്‍ യാത്രികരില്‍ നിന്ന് പതിനായിരക്കണക്കിന് ഡാറ്റ പോയിന്‍റുകള്‍ വിശകലനം ചെയ്തു. യൂറോപ്പിന് പുറത്ത് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന യുകെ യാത്രക്കാര്‍ക്കിടയില്‍ ചെറിയതും വ്യത്യസ്തവുമായ ഡെസ്റ്റിനേഷനുകളോടുള്ള താത്പര്യം വര്‍ധിക്കുന്നതായും സ്കൈസ്കാന്നറിന്‍റെ സര്‍വേ വെളിപ്പെടുത്തുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *