ചങ്ങനാശേരി: എന്‍.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തുന്നതു സ്വന്തം സമുദായത്തില്‍പ്പെട്ടവരെന്നും എതിര്‍പ്പുകളെ നായര്‍ സര്‍വീസ് സൊസൈറ്റി നിസാരമായി മാത്രമേ കാണുന്നുള്ളുവെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. 111-ാമത് വിജയദശമി നായര്‍ മഹാ സമ്മേളനം പെരുന്നയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമുദായ ആചാര്യന്‍ മന്നത്ത പത്മനാഭന്റെ ദര്‍ശനങ്ങളും ആദര്‍ശങ്ങളും ഉള്‍ക്കൊണ്ട് അടിസ്ഥാന മൂല്യങ്ങള്‍ കൈവിടാതെ 111 വര്‍ഷമായി നിലകൊള്ളുന്ന നായര്‍ സമുദായത്തെ സ്വന്തം സമുദായത്തില്‍പ്പെട്ട ചിലരാണ് അപകീര്‍ത്തിപ്പെടുത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ നിന്നും പല അധികാര സ്ഥാനങ്ങളും നേടിയെടുത്ത ശേഷം പുറത്തു പോകേണ്ടി വന്നവരും സാമ്പത്തിക ക്രമക്കേടും മൂലം സംഘടനയില്‍ നിന്നു പുറത്തു പോകേണ്ടി വന്നിട്ടുള്ളവരും അധികാര മോഹികളുമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
എല്ലാ മതസാമുദായിക സംഘടനകളോടും രാഷ്ട്രീയ പാര്‍ട്ടികളോടും കാലാകാലങ്ങളില്‍ ഉണ്ടാകുന്ന സര്‍ക്കാരുകളോടും എന്‍.എസ്.എസ് സൗഹൃദത്തോടെയാണു നിലകൊള്ളുന്നത്. അവരെല്ലാം എന്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങളെ മതിപ്പോടുകൂടി മാത്രമേ കാണുന്നുള്ളൂവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
നായര്‍ സമുദായത്തെ അവഗണിയ്ക്കുന്ന സാഹചര്യങ്ങള്‍ ഇന്നു നിലനില്‍ക്കുന്നില്ല. എല്ലാ മതസാമുദായിക സംഘടനകളോടും രാഷ്ട്രീയപാര്‍ട്ടികളോടും എന്‍.എസ്.എസ്.സൗഹൃദത്തോടെയാണു നിലകൊള്ളുന്നതെന്നും മന്നത്തു പത്മനാഭന്റെ ആദര്‍ശങ്ങളും ദര്‍ശനങ്ങളും ഉള്‍ക്കൊണ്ട്, അടിസ്ഥാന മൂല്യങ്ങള്‍ കൈവിടാതെയാണു സംഘടന പ്രവര്‍ത്തിക്കുന്നതെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
സംഘടനയുടെ നിലപാടുകളിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ എന്‍.എസ്.എസിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കണമെന്നും വിജയദശമി സന്ദേശത്തില്‍ ജി. സുകുമാരന്‍നായര്‍ ആഹ്വാനം ചെയ്തു.
എന്‍.എസ്.എസ്. പ്രസിഡന്റ് ഡോ.എം. ശശികുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍.എസ്.എസ്. ട്രഷറര്‍ എന്‍.വി. അയ്യപ്പന്‍പിള്ള, വൈസ് പ്രസിഡന്റ് എം. സംഗീത്കുമാര്‍, സംഘടനാവിഭാഗം മേധാവി വി.വി. ശശിധരന്‍നായര്‍ യൂണിയന്‍ പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍, വൈസ് പ്രസിഡന്റ് എസ്. സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.