വീഡിയോ കോളില്‍ പുതിയ അനുഭവം പകരുന്ന അപ്‌ഡേറ്റുമായി വാട്‌സാപ്പ്. വീഡിയോ കോളില്‍ ‘ലോ-ലൈറ്റ്’ മോഡ് ഉപയോഗിക്കാന്‍ ഇനി ഉപയോക്താക്കള്‍ക്ക് സാധിക്കും. മങ്ങിയ വെളിച്ചത്തിലുള്ള ക്രമീകരണങ്ങളില്‍ വീഡിയോ ക്വാളിറ്റി മെച്ചപ്പെടുത്തുന്നതിനാണ് പുതിയ ഫീച്ചര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
വീഡിയോ കോളില്‍ പുതിയ ഫില്‍ട്ടറുകളും ബാക്ക്ഗ്രൗണ്ട് ഫീച്ചറുകളും വാട്‌സാപ്പ് അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ഫീച്ചറുകളില്‍ ഏറ്റവും സവിശേഷമായത് ലോ ലൈറ്റ് മോഡ് തന്നെയാണ്.
ലോ-ലൈറ്റ് മോഡ് ?
പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ, കുറഞ്ഞ വെളിച്ചത്തില്‍ വീഡിയോ ക്വാളിറ്റി മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇരുട്ടില്‍ വീഡിയോ ക്വാളിറ്റി കുറയ്ക്കുന്ന തടസങ്ങള്‍ ലഘൂകരിച്ച്, മുഖത്തിന് അധിക വെളിച്ചം നല്‍കുന്നതാണ് ഇതിന്റെ പ്രത്യേകത. അതായത്, കൂടുതല്‍ വ്യക്തമായി കണ്ടുകൊണ്ട് പരസ്പരം വീഡിയോ കോള്‍ നടത്താനാകും.
ലോ-ലൈറ്റ് മോഡ് എങ്ങനെ പ്രവർത്തനക്ഷമമാക്കാം ?
1. ആദ്യം വാട്‌സാപ്പ് തുറക്കുക
2. ഒരു വീഡിയോ കോള്‍ ചെയ്യുക
3. വീഡിയോ ഫീഡ് പൂര്‍ണ്ണ സ്‌ക്രീനിലേക്ക് മാറ്റുക
4. മുകളില്‍ വലത് കോണിലുള്ള ‘ബള്‍ബ്’ ഐക്കണ്‍ ഉപയോഗിച്ച് ലോ-ലൈറ്റ് മോഡ് സജീവമാക്കാം
5. ബള്‍ബ് ഐക്കണ്‍ വീണ്ടും ഉപയോഗിച്ച് ഈ ഫീച്ചര്‍ വീണ്ടും പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്യാം
ശ്രദ്ധിക്കാന്‍ !
വാട്‌സാപ്പിന്റെ ഐഒഎസ്, ആന്‍ഡ്രോയ്ഡ് പതിപ്പുകളില്‍ ലോ ലൈറ്റ് മോഡ് ലഭ്യമാണ്.
വിന്‍ഡോസ് വാട്‌സാപ്പ് ആപ്പില്‍ ഈ ഫീച്ചര്‍ ലഭ്യമല്ല.
ഓരോ കോളിനും പ്രത്യേകമായി വേണം ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യാന്‍.