ഇതെന്താണിത്? തീരത്തടിഞ്ഞ് വെളുത്ത നിഗൂഢ വസ്തു; കാഴ്ചയിൽ ഉണ്ടാക്കിയിട്ട് ശരിയാകാത്ത റൊട്ടി പോലെ, അന്വേഷണം

ഒട്ടാവ: കടൽ തീരത്തടിയുന്ന നിഗൂഢമായ വെളുത്ത് കൊഴുത്ത ദ്രാവകത്തെ (white blob) കുറിച്ച് അന്വേഷണം. പാകം ചെയ്തിട്ട് ശരിയാകാത്ത ചുട്ടുപഴുപ്പിച്ച റൊട്ടി പോലെയുണ്ട് എന്നാണ് കണ്ടവർ പറയുന്നത്. ന്യൂഫൗണ്ട്‌ലാൻഡിലെ ബീച്ചുകളിലാണ് നിഗൂഢ വസ്തു കണ്ടെത്തിയത്. എണ്ണയുടെ മണമുള്ള കൊഴുത്ത വസ്തു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

സെപ്തംബർ മുതൽ കനേഡിയൻ പ്രവിശ്യയുടെ തെക്ക് ഭാഗത്തെ ബീച്ചുകളിൽ എത്തുന്നവർ അസാധാരണ വസ്തു കണ്ടതായി പറയുന്നുണ്ടായിരുന്നു. എന്നാൽ എന്താണീ പ്രതിഭാസത്തിന് കാരണമെന്ന് ഔദ്യോഗിക പ്രതികരണം ലഭിച്ചില്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. കടലിലെ എന്തെങ്കിലും ജീവി വർഗ്ഗമാകാമെന്ന് ചിലർ അഭിപ്രായപ്പെട്ടെങ്കിലും സമുദ്ര പഠന വിഭാഗം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

ഫിലിപ്പ് ഗ്രെയ്‌സ് എന്നയാളാണ് ഭാരമുള്ള ഒട്ടിപ്പിടിക്കുന്നതു പോലുള്ള വസ്തുവിന്‍റെ ഫോട്ടോ ആദ്യമായി പോസ്റ്റ് ചെയ്തത്. ടൌടണ്‍ മാവ് (ന്യൂഫൗണ്ട്‌ലാൻഡിലെ പരമ്പരാഗതമായ ബ്രെഡ് വിഭവം) പോലുള്ള ഈ വസ്തു എന്താണെന്ന് ആർക്കെങ്കിലും അറിയാമോ എന്ന് ചോദിച്ചാണ് ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ചിലരിത് ഫംഗസാണെന്ന് പറഞ്ഞു. മറ്റു ചിലർ തിമിംഗല ഛർദ്ദിയായ അംബർഗ്രീസാണെന്ന് പറഞ്ഞു. ഷോൾ കോവ് ബീച്ച്, ബരാസ്വേ ബീച്ച്, ഗൂസ്ബെറി കോവ് ബീച്ച്, സതേൺ ഹാർബർ, അർനോൾഡ്സ് കോവ് എന്നിവിടങ്ങളിൽ സമാനമായ ബ്ലോബുകൾ കണ്ടതായി മറ്റു പലരും റിപ്പോർട്ട് ചെയ്തു. 

എൻവയോൺമെന്‍റ് ആന്‍റ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ഇസിസിസി) ഇതെന്താണെന്ന് കണ്ടെത്താൻ പഠനം തുടങ്ങിയതായി സാമന്ത ബയാർഡ് പറഞ്ഞു. കനേഡിയൻ കോസ്റ്റ് ഗാർഡിന്‍റെ സഹായത്തോടെ ഗവേഷകർ സാമ്പിൾ ശേഖരിച്ചു. അത് ജീവിവർഗ്ഗമല്ലെന്നാണ് സമുദ്ര പരിസ്ഥിതി ഗവേഷണ ഗ്രൂപ്പിന്‍റെ മേധാവി നദീൻ വെൽസ് പറയുന്നത്. തീയിടുമ്പോൾ ഇവ കത്തുന്നുണ്ടെന്നും അതിനാൽ എണ്ണയുടെ സാന്നിധ്യമുണ്ടെന്നാണ് നിഗമനമെന്നും നദീൻ വെൽസ് പറഞ്ഞു. വിശദമായ ഗവേഷണം നടത്താനാണ് തീരുമാനമെന്നും അവർ പറഞ്ഞു. 

സ്വർണ ഖനിയിൽ 1000 അടി താഴ്ചയിൽ കുടുങ്ങി 12 വിനോദസഞ്ചാരികൾ, ഒരു മരണം; അപകടമുണ്ടായത് ലിഫ്റ്റ് തകരാറിലായതോടെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin