തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ ചൈനക്കാര്‍ക്ക് കൈമാറാന്‍ ശ്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം പാങ്ങോട് സ്വദേശി സജീദ് എം.ഐ, കൊല്ലം കൊട്ടിയം മുഹമ്മദ് ഷാ, കൊല്ലം ഉയമനല്ലൂര്‍ സ്വദേശി അന്‍ഷാദ് എന്നിവരെയാണ് അടിമാലി പോലീസ് പിടികൂടിയത്. പ്രതികള്‍ക്കെതിരേ ബാലരാമപുരം പോലീസ് സ്റ്റേഷനില്‍ അഞ്ചു പേര്‍ പരാതി നല്‍കിയിട്ടുണ്ട്.
അടിമാലി കല്ലുവെട്ടിക്കുഴിയില്‍ ഷാജഹാനാണ് പരാതി നല്‍കിയത്. വിയറ്റ്‌നാമില്‍ 80,000 രൂപ ശമ്പളത്തില്‍ ഡിടിപി ഓപ്പറേറ്റര്‍ ജോലിയെന്ന് പറഞ്ഞാണ് സംഘം യുവാക്കളെ കടത്തിയത്. ഫെബ്രുവരിയില്‍ രണ്ട് ലക്ഷം രൂപ വാങ്ങിയ ശേഷം വിസിറ്റ് വീസയില്‍ വിയറ്റ്‌നാമില്‍ എത്തിച്ചു. അവിടെ നിന്ന് കരമാര്‍ഗ്ഗം കംബോഡിയയില്‍ എത്തിച്ച് ചൈനക്കാര്‍ക്ക് കൈമാറിയെന്നാണ് പരാതി.
ഇവര്‍ യുവാവിനെ കംബോഡിയയില്‍ എത്തിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്താന്‍ നിര്‍ബന്ധിച്ചു. കൂട്ടത്തില്‍ മറ്റു മലയാളികളുമുണ്ടായിരുന്നു. മൂന്ന് മാസത്തിനു ശേഷം എംബസിയുടെ സഹായത്തോടെ രക്ഷപ്പെട്ട് നാട്ടിലെത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളെ അടിമാലി ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.