തിരുവനന്തപുരം: പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്.ചാറ്റ്-സ്‌പെസിഫിക് തീമുകള്‍ ഒരുക്കുകയാണ് മെറ്റയുടെ സ്വന്തം വാട്‌സ്ആപ്പ്. ചാറ്റുകള്‍ക്ക് പ്രത്യേക തീമുകള്‍ നല്‍കുന്ന ഫീച്ചര്‍ വാട്‌സ്ആപ്പിന്‍റെ അണിയറയില്‍ ഒരുങ്ങുന്നതായാണ് വാബീറ്റഇന്‍ഫോയുടെ റിപ്പോര്‍ട്ട്. ഇത് ലഭിക്കാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് Android 2.24.21.34 വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രം ഇതിപ്പോള്‍ ലഭ്യമായിട്ടുള്ളൂ. ഇവരുടെ പ്രതികരണത്തിന്‍റെ അടിസ്ഥാനത്തിലാവും ചാറ്റ് തീം ഫീച്ചര്‍ വാട്‌സ്ആപ്പ് വിപുലമായി അവതരിപ്പിക്കുക. 
20 വ്യത്യസ്ത നിറങ്ങളിലും 22 ടെക്‌സ്‌ചറുകളിലുമുള്ള തീമുകളാണ് മെറ്റ ഇതിനായി ഒരുക്കുന്നത്. നമുക്ക് ആവശ്യമായ ചാറ്റുകള്‍ക്ക് ഇത്തരത്തില്‍ പ്രത്യേക തീം കസ്റ്റമൈസ് ചെയ്യാനാകും. വാട്‌സ്ആപ്പ് അപ്‌ഡേറ്റുകള്‍ ഫോളോ ചെയ്യുന്ന വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത് ചാറ്റ് തീം ഫീച്ചര്‍ വാട്‌സ്ആപ്പ് ബീറ്റ വേര്‍ഷനില്‍ പരീക്ഷിക്കുകയാണ് എന്നാണ്. 
മെറ്റ എഐക്ക് ശബ്‌ദ നിര്‍ദേശം നല്‍കിയാല്‍ ഫോട്ടോകള്‍ എഡിറ്റ് ചെയ്‌ത് ലഭിക്കുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. റിയല്‍-ടൈം വോയ്‌സ് മോഡിലൂടെ മെറ്റ എഐയുമായി സംസാരിച്ച് ഫോട്ടോ എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടാം. ചിത്രങ്ങളിലെ അനാവശ്യ ഭാഗങ്ങള്‍ ഒഴിവാക്കാനും ബാക്ക്‌ഗ്രൗണ്ട് അഥവാ പശ്ചാത്തലം മാറ്റാനുമെല്ലാം ഇതിലൂടെ സാധിക്കും. ഈ ഫീച്ചറും വൈകാതെ വാട്‌സ്ആപ്പ് വ്യാപകമായി അവതരിപ്പിക്കും. ഒരു ചിത്രം അപ്‌ലോഡ് ചെയ്‌താല്‍ അതെന്താണ് എന്ന് മെറ്റ എഐ വിശദീകരിക്കുന്ന ഫീച്ചറും അണിയറയില്‍ ഒരുങ്ങുകയാണ്.
സ്‌പാം മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഒരു ഫീച്ചറും മെറ്റ അടുത്തിടെ അവതരിപ്പിച്ചിരുന്നു. അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ ബ്ലോക്ക് ചെയ്യുന്ന (Block Unknown Account Messages) സംവിധാനമാണ് ഇത്. ഈ ഫീച്ചറും ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ലഭ്യമാണ്. സെറ്റിംഗ്‌സില്‍ ചെന്ന് ഫീച്ചര്‍ ഇനാബിള്‍ ചെയ്താണ് ഇതാണ് ഉപയോഗിക്കേണ്ടത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *