ഇന്ത്യന്‍ ടീമില്‍ ഒരുമാറ്റം, ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യിലും സൂര്യക്ക് ടോസ്; സഞ്ജു സാംസണ്‍ തുടരും
ഹൈദരാബാദ്: ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അര്‍ഷ്ദീപ് സിംഗിന് പകരം രവി ബിഷ്ണോയ് ടീമിലെത്തി. തിലക് വര്‍മ, ജിതേഷ് ശര്‍മ എന്നിവര്‍ക്ക് ഇന്നും അവസരം ലഭിച്ചില്ല. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ ഇതിനോടകം സ്വന്തമാക്കിയിരുന്നു. ഇരു ടീമുകളേയും അറിയാം.
ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, റിയാന്‍ പരാഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി, മായങ്ക് യാദവ്.
ബംഗ്ലാദേശ്: പര്‍വേസ് ഹൊസൈന്‍ ഇമോന്‍, ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), തന്‍സീദ് ഹസന്‍, തൗഹിദ് ഹൃദോയ്, മഹ്‌മൂദുള്ള, മെഹിദി ഹസന്‍, ടസ്‌കിന്‍ അഹമ്മദ്, റിഷാദ് ഹുസൈന്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, തന്‍സിം ഹസന്‍.
സീനിയര്‍ താരം മുഹമ്മദുള്ളയുടെ അവസാന ട്വന്റി 20യില്‍ ആശ്വാസ ജയത്തിനായി ബംഗ്ലാദേശ്. ബാറ്റര്‍മാരുടെ നിറംമങ്ങിയ പ്രകടനമാണ് ബംഗ്ലാദേശിന്റെ പ്രധാന പ്രതിസന്ധി. ബൗളിംഗ് നിരയ്ക്കും സ്ഥിരതയില്ല.അടുത്ത മാസം ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ നാല് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കളിക്കുന്നുണ്ട്. ഈ ടീമിലേക്ക് പരിഗണിക്കപെടണമെങ്കില്‍ സഞ്ജുവിന് ഹൈദരാബാദിലെങ്കിലും വലിയ സ്‌കോര്‍ നേടിയെ മതിയാവു. ആദ്യ രണ്ട് മത്സരങ്ങളിലും വലിയ സ്‌കോര്‍ നേടാതെ പുറത്തായ ഓപ്പണര്‍ അഭിഷേക് ശര്‍മക്കും മത്സരം നിര്‍ണായകമാണ്.