ഡല്‍ഹി: സിവിലിയന്‍, മിലിട്ടറി ആവശ്യങ്ങള്‍ക്കായി മികച്ച കര-നാവിക മേഖലകളെക്കുറിച്ചുള്ള അവബോധത്തിനായുള്ള ബഹിരാകാശ അധിഷ്ഠിത നിരീക്ഷണ (എസ്ബിഎസ്) ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) അംഗീകാരം നല്‍കി.
പ്രതിരോധ മന്ത്രാലയത്തിലെ സംയോജിത ആസ്ഥാനത്തിന് കീഴിലുള്ള ഡിഫന്‍സ് സ്‌പേസ് ഏജന്‍സിയുമായി ചേര്‍ന്ന് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയേറ്റാണ് പദ്ധതി കൈകാര്യം ചെയ്യുന്നത്.
സിസിഎസ് അനുമതി നല്‍കിയ നിര്‍ദ്ദേശത്തില്‍ കുറഞ്ഞത് 52 ഉപഗ്രഹങ്ങളെങ്കിലും ലോ എര്‍ത്ത് ഓര്‍ബിറ്റിലും ജിയോസ്റ്റേഷണറി ഓര്‍ബിറ്റിലും നിരീക്ഷണത്തിനായി വിക്ഷേപിക്കും.
26,968 കോടി രൂപ ചെലവ് വരുന്ന ഈ നിര്‍ദ്ദേശത്തില്‍ 21 ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒയും ബാക്കി 31 എണ്ണം സ്വകാര്യ കമ്പനികളും നിര്‍മ്മിക്കുകയും വിക്ഷേപിക്കുകയും ചെയ്യും.
2001ല്‍ വാജ്പേയി സര്‍ക്കാര്‍ ആരംഭിച്ച എസ്ബിഎസ് 1ലൂടെ നിരീക്ഷണത്തിനായി കാര്‍ട്ടോസാറ്റ് 2 എ, കാര്‍ട്ടോസാറ്റ് 2 ബി, ഇറോസ് ബി, റിസാറ്റ് 2 എന്നീ നാല് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിരുന്നു.
കാര്‍ട്ടോസാറ്റ് 2 സി, കാര്‍ട്ടോസാറ്റ് 2 ഡി, കാര്‍ട്ടോസാറ്റ് 3 എ, കാര്‍ട്ടോസാറ്റ് 3 ബി, മൈക്രോസാറ്റ് 1, റിസാറ്റ് 2 എ എന്നീ ആറ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചാണ് 2013 ല്‍ എസ്ബിഎസ് 2 വന്നത്.
അടുത്ത ദശാബ്ദത്തിനുള്ളില്‍ ഇന്ത്യ 52 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമെന്നാണ് പുതിയതായി ക്ലിയര്‍ ചെയ്ത എസ്ബിഎസ് 3 കാണിക്കുന്നത്.