3 മാറ്റങ്ങൾ ഉറപ്പ്, സഞ്ജുവിന് ലാസ്റ്റ് ചാൻസ്; ബംഗ്ലാദേശിനെതിരായ മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

ഹൈദരാബാദ്: ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയും തൂത്തുവാരാന്‍ ഇന്ത്യ നാളെ ഇറങ്ങും. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും ജയച്ച് പരമ്പര നേടിയതിനാല്‍ ഇതുവരെ അവസരം ലഭിക്കാത്ത താരങ്ങള്‍ക്ക് നാളെ ഹൈദരാബാദില്‍ അവസരം ഒരുങ്ങുമെന്നാണ് കരുതുന്നത്.

ആദ്യ രണ്ട് ടി20 മത്സരങ്ങളിലും ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണും നാളത്തെ മത്സരം ഏറെ നിര്‍ണായകമാണ്. ആദ്യ മത്സരത്തില്‍ 19 പന്തില്‍ 29 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത സഞ്ജു പക്ഷെ ദില്ലിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഏഴ് പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായിരുന്നു. നാളത്തെ മത്സരത്തിലും നിരാശപ്പെടുത്തിയാല്‍ സഞ്ജുവിന് ടി20 ടീമിൽ സ്ഥാനം നിലനിര്‍ത്താനാവുമോ എന്ന കാര്യം കണ്ടറിയണം.

ലോകകപ്പ് യോഗ്യത: മെസി തിരിച്ചുവന്നിട്ടും അർജന്‍റീനക്ക് സമനില മാത്രം; അവസാന മിനിറ്റിലെ ഗോളിൽ ജയിച്ച് ബ്രസീൽ

അടുത്ത മാസം ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ നാല് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കളിക്കുന്നുണ്ട്. ഈ ടീമിലേക്ക് പരിഗണിക്കപെടണമെങ്കില്‍ നാളെ സഞ്ജുവിന് ഹൈദരാബാദിലെങ്കിലും വലിയ സ്കോര്‍ നേടിയെ മതിയാവു. ആദ്യ രണ്ട് മത്സരങ്ങളിലും വലിയ സ്കോര്‍ നേടാതെ പുറത്തായ ഓപ്പണര്‍ അഭിഷേക് ശര്‍മക്കും നാളത്തെ മത്സരം നിര്‍ണായകമാണ്.

മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇറങ്ങുമ്പോള്‍ ദില്ലിയിലെ വെടിക്കെട്ട് ബാറ്റിംഗിലൂടെ നാലാം നമ്പറില്‍ നിതീഷ് റെഡ്ഡി ടീമിലെ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. റിങ്കു സിംഗും ടീമില്‍ തുടരും. തിലക് വര്‍മക്ക് നാളെ പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. റിയാന്‍ പരാഗ് ഫിനിഷറായി ടീമില്‍ തുടരും.

ഓസ്ട്രേലിയൻ പര്യടനത്തിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; രോഹിത് ശർമ ആദ്യ രണ്ട് ടെസ്റ്റുകളിലൊന്നിൽ കളിച്ചേക്കില്ല

വാഷിംഗ്ടണ്‍ സുന്ദറിനൊപ്പം സ്പിന്നറായി രവി ബിഷ്ണോയിയും പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് കരുതുന്നത്. അര്‍ഷ്ദീപ് സിംഗിന് വിശ്രമം അനുവദിച്ചാല്‍ പേസര്‍ ഹര്‍ഷിത് റാണക്ക് നാളെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. മായങ്ക് യാദവും പ്ലേയിംഗ് ഇലവനില്‍ തുടരും.

ബംഗ്ലാദേശിനെതിരായ മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, തിലക് വര്‍മ, റിയാന്‍ പരാഗ്, വാഷിംഗ്ടമ്‍ സുന്ദര്‍, രവി ബിഷ്ണോയ്, മായങ്ക് യാദവ്, ഹര്‍ഷിത് റാണ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin