കൊല്‍ക്കത്ത: ആര്‍ജി കാര്‍ മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ നിരാഹാര സമരം സംബന്ധിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കത്തെഴുതി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. പ്രതിഷേധക്കാര്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ അര്‍ഹിക്കുന്നുവെന്ന് ഐഎംഎ കത്തില്‍ കുറിച്ചു.
ബംഗാളിലെ യുവഡോക്ടര്‍മാര്‍ നിരാഹാരസമരം തുടങ്ങിയിട്ട് ഒരാഴ്ചയോളമാകുന്നു. അവരുടെ ന്യായമായ ആവശ്യങ്ങളെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പിന്തുണയ്ക്കുന്നു.
അവര്‍ നിങ്ങളുടെ അടിയന്തര ശ്രദ്ധ അര്‍ഹിക്കുന്നു. എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് പൂര്‍ണ്ണമായും കഴിവുണ്ട്.
സമാധാനപരമായ അന്തരീക്ഷവും സുരക്ഷയും ഒരു ആഡംബരമല്ല. അവ ഒരു മുന്‍വ്യവസ്ഥയാണ്. യുവതലമുറയിലെ ഡോക്ടര്‍മാരുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഐഎംഎ കത്തില്‍ വ്യക്തമാക്കി.
ഇന്ത്യയിലെ മുഴുവന്‍ മെഡിക്കല്‍ സംഘവും ആശങ്കാകുലരാണ്, അവരുടെ ജീവന്‍ രക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും മമത ബാനര്‍ജിക്ക് അയച്ച കത്തില്‍ ഐഎംഎ വ്യക്തമാക്കി.
അതേസമയം, എസ്പ്ലനേഡ് ഏരിയയില്‍ നിരാഹാര സമരം നടത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാരില്‍ ഒരാളുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.