സഞ്ജുവിന്റെ അവസാന അവസരം മഴ കൊണ്ടുപോകുമോ? ഇന്ത്യ-ബംഗ്ലാദേശ് അവസാന ടി20 ഹൈദരാബാദില്‍, കാലാവസ്ഥ പ്രവചനം ഇങ്ങനെ
ഹൈദരാബാദ്: നാളെ ബംഗ്ലാദേശിനെതിരെ മൂന്നാം ടി20 മത്സരത്തിന് ഇറങ്ങുകായാണ് ഇന്ത്യ. ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. ഗ്വാളിയോറിലും ഡല്‍ഹിയിലും തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കിയതോടെ ആധിപത്യം തുടരാനും അതിലൂടെ പരമ്പര തൂത്തുവാരാനുമുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. സൂര്യകുമാറിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ പരമ്പരയിലുടനീളം അവിശ്വസനീയമായ ഫോമിലാണ്. എന്നാല്‍ മലയാളി താരം സഞ്ജു സാംസണും ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്കുമൊന്നും അവസരത്തിനൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ല.
സഞ്ജുവിന് അവസരം നല്‍കുന്നില്ലെന്ന ആരാധകരുടെ പരാതിയും ഈ പരമ്പരയോടെ അവസാനിക്കും. നാളത്തേത് അവസാന അവസരമായിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു പക്ഷം പറയുന്നത്. സഞ്ജുവിന്റെ അവസാന അവസരത്തിനും ഇന്ത്യയുടെ പരമ്പര തൂത്തുവാരലിനും മഴ തടസമാവുമോ എന്നാണ് ആരാധകരുടെ ആശങ്ക. അക്യുവെതറിന്റെ അഭിപ്രായത്തില്‍, ഹൈദരാബാദിലെ കാലാവസ്ഥ പ്രധാനമായും മേഘാവൃതവും ഈര്‍പ്പമുള്ളതുമായിരിക്കും. മഴ പെയ്യാന്‍ 23% സാധ്യതയുണ്ട്. എന്നാല്‍ മത്സരത്തിന് തടസം ആവില്ല.
അടുത്ത മാസം ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ നാല് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കളിക്കുന്നുണ്ട്. ഈ ടീമിലേക്ക് പരിഗണിക്കപെടണമെങ്കില്‍ നാളെ സഞ്ജുവിന് ഹൈദരാബാദിലെങ്കിലും വലിയ സ്‌കോര്‍ നേടിയെ മതിയാവു. ആദ്യ രണ്ട് മത്സരങ്ങളിലും വലിയ സ്‌കോര്‍ നേടാതെ പുറത്തായ ഓപ്പണര്‍ അഭിഷേക് ശര്‍മക്കും നാളത്തെ മത്സരം നിര്‍ണായകമാണ്.
മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇറങ്ങുമ്പോള്‍ ദില്ലിയിലെ വെടിക്കെട്ട് ബാറ്റിംഗിലൂടെ നാലാം നമ്പറില്‍ നിതീഷ് റെഡ്ഡി ടീമിലെ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. റിങ്കു സിംഗും ടീമില്‍ തുടരും. തിലക് വര്‍മക്ക് നാളെ പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. റിയാന്‍ പരാഗ് ഫിനിഷറായി ടീമില്‍ തുടരും.