ബെംഗളൂരു: മര്യാദയ്ക്ക് വസ്ത്രം ധരിച്ചില്ലെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് യുവതിക്കെതിരെ ഭീഷണി മുഴക്കിയ യുവാവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. എത്തിയോസ് സർവീസസിലെ ജീവനക്കാരനായിരുന്ന നികിത് ഷെട്ടിയെ ആണ് ജോലിയിൽ നിന്ന് പറഞ്ഞുവിട്ടത്. യുവതിയുടെ ഭർത്താവും മാധ്യമപ്രവർത്തകനുമായ ഷഹബാസ് അൻസാർ യുവാവിന്‍റെ ഭീഷണി സന്ദേശത്തിന്‍റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെയാണ് നടപടിയെടുത്തത്.
“ഭാര്യയോട് മാന്യമായി വസ്ത്രം ധരിക്കാൻ പറയണം പ്രത്യേകിച്ച് കർണാടകയിൽ അല്ലെങ്കിൽ അവളുടെ മുഖത്ത് ആസിഡ് എറിയാൻ സാധ്യതയുണ്ടെ”ന്നാണ് നികിത് ഷെട്ടി അയച്ച ഭീഷണി സന്ദേശം. കർണാടക മുഖ്യമന്ത്രിയെയും ഡിജിപിയെയും മന്ത്രി ഡി കെ ശിവകുമാറിനെയും ടാഗ് ചെയ്താണ് യുവതിയുടെ ഭർത്താവ് സ്ക്രീൻ ഷോട്ട് സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ചത്. യുവാവിനെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
പിന്നാലെയാണ് കമ്പനി ജീവനക്കാരനെതിരെ നടപടിയെടുത്തത്- “എന്ത് വസ്ത്രം ധരിക്കണമെന്ന മറ്റൊരാളുടെ അവകാശത്തിൽ ഇടപെട്ട് ഭീഷണി സന്ദേശം മുഴക്കിയിരിക്കുകയാണ് ഞങ്ങളുടെ ജീവനക്കാരൻ. ഈ സംഭവത്തിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. ഈ പെരുമാറ്റം തീർത്തും അസ്വീകാര്യവും എത്തിയോസ് ഉയർത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധവുമാണ്”- കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
സോഷ്യൽ മീഡിയയിലെ ഡിപിയിൽ ഷർട്ടിടാതെ നിൽക്കുന്ന നികിത് ഷെട്ടി യുവതിയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നത് കാപട്യമാണെന്ന് സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നു. യുവാവിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യം ഉയർന്നു.
This is serious. @DgpKarnataka @CMofKarnataka @DKShivakumar . This person is threatening to throw acid on my wife’s face for her choice of clothes. Please take immediate action against this person to prevent any incident from happening. pic.twitter.com/N6fxS59Kqm
— Shahbaz Ansar (@ShahbazAnsar_) October 9, 2024