പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയരുന്ന സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് മുതിർന്ന നേതാവും മുൻ എം.പിയുമായ വി.എസ്. വിജയരാഘവൻ. പാലക്കാടിന്‍റെ പൾസ് അറിയുന്ന സ്ഥാനാർഥിയാണ് യു.ഡി.എഫിന് വേണ്ടതെന്ന് വിജയരാഘവൻ പറഞ്ഞു.
മനസ് കൊണ്ടും പ്രവൃത്തി കൊണ്ടും ചെറുപ്പമായവരാണ് തെരഞ്ഞെടുപ്പിൽ മൽസരിക്കേണ്ടത്. സ്ഥാനാർഥിത്വത്തിലേക്ക് ഉയർന്നു കേൾക്കുന്ന എല്ലാ പേരുകളും മികച്ചതാണ്. ആര് മൽസരിച്ചാലും ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കും.
ഓരോ സ്ഥാനാർഥികളുടെയും ഗുണവും കഴിവും ജനങ്ങളുടെ കാഴ്ചപ്പാടും വ്യത്യസ്തമാണ്. എല്ലാവർക്കും ഗുണവും ദോഷവുമുണ്ട്. ജനങ്ങളുമായി സഹകരിക്കാനും നല്ലത് ചെയ്യാനും ആഗ്രഹിക്കുന്നവർ സ്ഥാനാർഥിയാകണമെന്നും വി.എസ്. വിജയരാഘവൻ പറഞ്ഞു.