നഷ്ടമായത് മകളുടെ വിവാഹത്തിന് കരുതിവച്ച 37 പവൻ, വിമുക്ത ഭടന്‍റെ വീട്ടിലെ മോഷണത്തിൽ 3 മാസമായിട്ടും തുമ്പില്ല

മലപ്പുറം: വഴിക്കടവില്‍ അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം നടത്തിയ കേസില്‍ മൂന്നു മാസമായിട്ടും തുമ്പുണ്ടാക്കാനാകാതെ
പൊലീസ്. മകളുടെ വിവാഹ ആവശ്യത്തിന് കരുതിവച്ച മുപ്പത്തിയേഴേകാല്‍ പവൻ സ്വര്‍ണമാണ് വിമുക്ത ഭടന് നഷ്ടമായത്.

വഴിക്കടവ് പഞ്ചായത്ത് അങ്ങാടിയിലെ വീട്ടിലാണ് ഇരുപത്തിരണ്ട് ലക്ഷത്തോളം രൂപയുടെ മോഷണം നടന്നത്. ഫിസിയോ തെറാപ്പി ചെയ്യുന്നതിനായി ഗൃഹനാഥനായ ശിവപ്രസാദ് ഭാര്യക്കൊപ്പം മഞ്ചേരിയിലേക്ക് പോയ ജൂലൈ പത്തിനും പന്ത്രണ്ടിനും ഇടയിലാണ് മോഷണം നടന്നത്. വീടിന്‍റെ മുൻ വാതില്‍ പൊളിച്ചാണ് കള്ളൻ അകത്ത് കയറിയത്. പുറത്തെ വാതില്‍ പൊളിക്കാൻ ശ്രമിച്ച് വിജയിക്കാതെ വന്നതോടെയാണ് മുൻ വാതില്‍ പൊളിച്ചതെന്നാണ് സൂചന. മുറിയുടെ വാതിലും പൊളിച്ചിട്ടുണ്ട്. രണ്ടു മുറികളിലേയും അലമാരകളിലെ സാധനങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും ചില്ലറ നാണയങ്ങളുമാണ് മോഷ്ടിച്ചത്. 

അലമാരയില്‍ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടെന്നും വീട്ടില്‍ ആളില്ലെന്നും കൃത്യമായി മനസിലാക്കിയായിരുന്നു മോഷണം. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ഒക്കെയായി പൊലീസ് അന്വേഷണം നടത്തിയെങ്കിലും മൂന്നു മാസമായിട്ടും കള്ളനെ പിടികൂടാനായിട്ടില്ല.
ശിവപ്രസാദിന്‍റെ ഇടപെടലിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വരെ പൊലീസില്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അന്വേഷണത്തില്‍ ഇതുവരെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. പൊലീസ് സ്റ്റേഷന്‍റെ തൊട്ടടുത്ത വീട്ടിലെ മോഷണത്തില്‍ തുമ്പുണ്ടാക്കാനാവാത്തത് വഴിക്കടവ് പൊലീസിനേയും കുഴക്കുന്നുണ്ട്. 

വീട്ടിൽ കിടപ്പുരോഗിയായ അമ്മ മാത്രം, മാനസിക വെല്ലുവിളി നേരിടുന്ന യുവതിയോട് ക്രൂരത: കൂടത്തായി സ്വദേശി പിടിയിൽ

By admin