കൊച്ചി ലുലു മാളിൽ കുരുന്നുകൾക്കൊരാഘോഷം, എത്തുന്നവര്‍ക്ക് സമ്മാനങ്ങളും, വിദ്യാരംഭത്തിന് രജിസ്ട്രേഷൻ തുടങ്ങി

 കൊച്ചി: അക്ഷരവഴിയിൽ പിച്ചവയ്ക്കുന്ന കുരുന്നുകൾക്ക് ആദ്യാക്ഷരം പകരാൻ കൊച്ചി ലുലു മാളിൽ വിദ്യാരംഭം സംഘടിപ്പിക്കുന്നു. വിജയദശമി ദിനമായ ഒക്ടോബർ 13ന് ലുലു മെയിൻ ഏട്രിയത്തിലാണ് വിദ്യാരംഭ ചടങ്ങുകൾ. രാവിലെ എട്ട് മണി മുതൽ വിദ്യാരംഭചടങ്ങുകൾ തുടങ്ങും. മലയാളത്തിന്റെ നന്മയും നാടിന്റെ പുണ്യവും കുരുന്നുകൾക്കു പകരാനായി വിപുലമായ രീതിയിലാണ് ചടങ്ങ്. 

അറിവിന്റെ വഴിയിലേക്ക് കുട്ടികളെ കൈപിടിച്ചാനയിക്കാൻ മികച്ച സജ്ജീകരണങ്ങളാണ് കൊച്ചി ലുലു മാളിൽ‌ തയാറാക്കിയിരിക്കുന്നതെന്ന് മാൾ അധികൃതര്‍ അറിയിച്ചു.  ഗാന്ധിയൻ ശ്രീമാൻ നാരായണൻ, ഗായകൻ സുധീപ് കുമാർ, നടൻ ശ്രീകാന്ത് മുരളി, എഴുത്തുകാരനും സംവിധായകനുമായ അഭിലാഷ് പിള്ള, നൃത്തകിയും നടിയുമായ കലാമണ്ഡലം സോഫിയ, നടിയും നൃത്തകിയുമായ കൃഷ്ണ പ്രഭ എന്നിവരാണ് കുരുന്നുകളെ എഴുത്തിനിരുത്തുന്നത്.

വിദ്യാരംഭ ചടങ്ങിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. പ്രൗഢഗംഭീര ചടങ്ങിൽ ആദ്യാക്ഷരം കുറിക്കാനെത്തുന്ന കുട്ടികൾക്കെല്ലാം പ്രത്യേകം സമ്മാനങ്ങളും നൽകും. കൂടാതെ സാമൂഹിക സാംസ്കാരിക മേഖലയിലെ നിരവധി പേരും ചടങ്ങിൽ സാന്നിദ്ധ്യമേകും. 978800853 എന്ന നമ്പറിൽ ബന്ധപ്പെട്ട് വിദ്യാരംഭത്തിന് രജിസ്ടർ ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin