ബംഗളൂരു: പോലീസിനെ ആക്രമിക്കുകയും പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറുകയും ചെയ്ത ആള്‍ക്കൂട്ടത്തിന് നേതൃത്വം നല്‍കിയ കേസില്‍ എഐഎംഐഎം നേതാവ് മുഹമ്മദ് ആരിഫിനും മറ്റ് 138 പേര്‍ക്കുമെതിരായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം.
2022 ഏപ്രിലില്‍ ഹുബ്ബള്ളി കലാപത്തെ തുടര്‍ന്ന് അക്രമത്തിന് പ്രേരിപ്പിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇവര്‍ക്കെതിരായ കേസുകളില്‍ കൊലപാതകശ്രമം, കലാപം തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ ഉള്‍പ്പെടുന്നു.
2023 ഒക്ടോബറില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ഈ കേസുകള്‍ പിന്‍വലിക്കാനും കുറ്റങ്ങള്‍ പുനഃപരിശോധിക്കാനും ആവശ്യപ്പെട്ട് അഡീഷണല്‍ ഡയറക്ടര്‍ ജനറലിന് കത്തെഴുതിയിരുന്നു.
ശിവകുമാറിന്റെ ശുപാര്‍ശയെ തുടര്‍ന്ന് എഫ്‌ഐആറും സാക്ഷി മൊഴികളും ഉള്‍പ്പെടെയുള്ള കേസുകളുടെ പ്രസക്തമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു.
കേസ് പിന്‍വലിച്ചതിന് സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. മുസ്ലിംകളെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.