കോട്ടയം: പൂജാ അവധിക്കു തിരക്കൊഴിവാക്കാന്‍ സ്പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ചെന്നൈ-കോട്ടയം, മംഗളുരൂ- എറണാകുളം ട്രെയിനുകളാണ് റെയില്‍വേ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 10, 12 തീയതികളിലാണു സ്പെഷല്‍ സര്‍വീസ് നടത്തുക.
ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷില്‍ നിന്നു രാത്രി 11.55നായിരിക്കും ട്രെയിന്‍ പുറപ്പെടുന്നത്. ട്രെയിന്‍ തിരിച്ച് ചെന്നൈക്കു പോകുന്നത് 11, 13 തിയതികളിലായിരിക്കും. മംഗളുരുവില്‍ നിന്നു ഒക്ടോബര്‍ പത്തിനായിരിക്കും എറണാകുളത്തേക്കു സ്പെഷല്‍ ട്രെയിന്‍ പുറപ്പെടുക. തിരിച്ചു 11നു മംഗളുരുവിലേക്കും ട്രെയിന്‍ പുറപ്പെടും.
മുന്‍പു പ്രഖ്യാപിച്ച കൊച്ചുവേളി -നിസാമുദ്ദീന്‍, കൊച്ചുവേളി -ലോകമാന്യതിലക്, കൊല്ലം വിശാഖപട്ടണം എന്നീ സ്പെഷല്‍ ട്രെയിനുകളും തിരക്കൊഴിവാക്കുന്നതിനു സഹായിക്കുമെന്നാണു റെയില്‍വേയുടെ പ്രതീക്ഷ.
കഴിഞ്ഞ ഓണത്തിന് ട്രെയിനുകള്‍ പ്രഖ്യാപിക്കുന്നതില്‍ റെയില്‍വേ കാലതാസമം വരുത്തിയതോടെ കൂടുതല്‍ ആളുകള്‍ അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളെ ആശ്രയിക്കുകയായിരുന്നു. ബംഗളൂരു, ചെന്നൈ, മംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ ആളുകള്‍ അവധി ദിവസങ്ങളില്‍ എത്താറ്.
പ്രഖ്യാപിച്ച സ്പെഷല്‍ ട്രെയിനുകളില്‍ ബുക്കിങ്ങ് നേരത്തെ തന്നെ പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. ഇതോടെ കരിഞ്ചന്തയില്‍ ബസ് ടിക്കറ്റ് വാങ്ങി നാട്ടിലെത്തേണ്ട അവസ്ഥ മലയാളികള്‍ക്കുണ്ടായി. ഇത്തരത്തില്‍ ഒരു നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന് 40,000 രൂപ വരെ ചിലവാക്കേണ്ടതായി വന്നിരുന്നു.
ഇതോടെ, പൂജാ-ദീപാവലി അവധികള്‍ക്കായി നേരത്തെ സ്പെഷല്‍ ട്രെയിന്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തരമായിരുന്നു. പൂജാ അവധിയുടെ ഭാഗമായി നേരത്തെ പ്രഖ്യാപിച്ച ട്രെയിനുകളില്‍ എല്ലാം ബുക്കിങ് പൂര്‍ത്തിയായി കഴിഞ്ഞുവെന്നും യാത്രക്കാര്‍ പറയുന്നു.