ഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ഒരു ദശാബ്ദത്തിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്.
എന്നാല്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹാട്രിക് നേടാമെന്ന പ്രതീക്ഷയില്‍ ഈ പ്രവചനങ്ങളെ തള്ളിക്കളയുകയാണ് നിലവിലെ ബിജെപി സര്‍ക്കാര്‍.
90 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഒക്ടോബര്‍ 5 നാണ് നടന്നത്. ആകെ 67.9% പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ഐഎന്‍എല്‍ഡി-ബിഎസ്പി, ജെജെപി-ആസാദ് സമാജ് പാര്‍ട്ടി എന്നിവയുടെ സഖ്യങ്ങളാണ് മത്സരരംഗത്തുള്ള പ്രധാന കക്ഷികള്‍.
മുഖ്യമന്ത്രി നയാബ് സൈനി (ലദ്വ), പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ (ഗര്‍ഹി സാംപ്ല-കിലോയ്), ഐഎന്‍എല്‍ഡിയുടെ അഭയ് ചൗട്ടാല (എല്ലെനാബാദ്), ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാല (ഉചന കലന്‍), ബി ജെ പിയുടെ അനില്‍ വിജ് (അംബാല കാന്റ്), കോണ്‍ഗ്രസിന്റെ വിനേഷ് ഫോഗട്ട് (ജൂലന്‍) എന്നിവരാണ് പ്രമുഖ സ്ഥാനാര്‍ത്ഥികളില്‍ ഉള്‍പ്പെടുന്നത്.
ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ കോണ്‍ഗ്രസിന് 53 മുതല്‍ 65 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചിക്കുമ്പോള്‍ ദൈനിക് ഭാസ്‌കര്‍ പാര്‍ട്ടിക്ക് 44 മുതല്‍ 54 സീറ്റുകള്‍ വരെ പ്രവചിക്കുന്നു. ബിജെപി 15 മുതല്‍ 29 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ എക്സിറ്റ് പോളുകള്‍ കൃത്യമാണെന്ന് തെളിയിക്കുകയും കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് സംസ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്താല്‍, തൊട്ടുപിന്നാലെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും പാര്‍ട്ടിക്ക് അത് ഗുണം ചെയ്യും.