സൈലന്‍റാണ്, ആനകൾക്കും ശല്യമില്ല; മാട്ടുപ്പെട്ടി ജലാശയത്തിൽ സോളാര്‍ ബോട്ടുകള്‍ റെഡി, 30 പേര്‍ക്ക് സഞ്ചരിക്കാം

ഇടുക്കി:  മാട്ടുപ്പെട്ടി ജലാശത്തിൽ ഇനി സോളാർ ബോട്ടുകളിലേറി  കറങ്ങാം.  മാട്ടുപ്പെട്ടിയിൽ വിനോദ സഞ്ചാരികള്‍ക്കായി സോളാര്‍ ബോട്ടുകള്‍ സര്‍വീസ് ആരംഭിച്ചു. കഴിഞ്ഞ ദിവസം മുതല്‍ മാട്ടുപ്പെട്ടി ജലാശയത്തില്‍ ഒരേ സമയം 30 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന സോളാര്‍ ബോട്ടുകള്‍ എത്തിച്ചു. ഹൈഡല്‍ ടൂറിസം വകുപ്പ് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പവര്‍ ഗലേറിയ എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പുതിയ പദ്ധതി നടപ്പിലാക്കിയത്. വരുമാന പങ്കാളിത്തവും ഇരു കൂട്ടരും ഉറപ്പാക്കും. 

ഹൈഡല്‍ ടൂറിസം വകുപ്പിനെ ജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യമാക്കാനും പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാക്കി മാറ്റുമെന്നും ഓണത്തോട് അനുബന്ധിച്ചു നടന്ന പരിശോധനയില്‍ ഹൈഡല്‍ ഡയറക്ടര്‍ നരേന്ദ്രനാദ് വെല്ലൂരി പറഞ്ഞിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണമാണ് ഇപ്പോൾ ബോട്ടിംഗ് ആരംഭിച്ചത്. സോളാര്‍ ഇല്ലെങ്കിലും വൈദ്യുതിയിലും ഈ ബോട്ട് ഓളപ്പരപ്പുകള്‍ കീഴടക്കും. 20 മിനിറ്റ് ഈ ബോട്ടില്‍ സഞ്ചാരിക്കുന്നതിന് ഒരാള്‍ക്ക് 300 രൂപ നല്‍കണം. 

ആനകള്‍ക്കും മറ്റു വന്യ മൃഗങ്ങള്‍ക്കും ഡീസല്‍ പെട്രോള്‍ എന്‍ജിനുകളുടെ ശബ്ദവും പരിസ്ഥിതി മലിനീകരണവും ദോഷകരമാണ് എന്ന് പറഞ്ഞാണ് ആനയിറങ്ങല്‍ ജലാശയത്തിലെ ബോട്ടിങ് പൂര്‍ണമായും ഹൈകോടതി നിരോധിച്ചത്. എന്നാല്‍ സോളാര്‍ പദ്ധതി വിജയിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.

Read More : വയലിൽ 6 ചാക്കുകൾ, പരിശോധിച്ചപ്പോൾ തെളിവ് കിട്ടി, ‘പ്രാർത്ഥന വീട്’; തിരിച്ചെടുപ്പിച്ചു, 50,000 രൂപ പിഴ ചുമത്തി
 

By admin