തിരുവനന്തപുരം : പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ രൂപപ്പെട്ട ബി.ജെ.പി വിരുദ്ധ വികാരം രാജ്യത്ത് തുടർച്ചയായി ശക്തിപ്പെടുന്നവെന്നാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ വെളിപ്പെടുത്തുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. പ്രതിപക്ഷ പാർട്ടികളെ തകർത്തു ഏകപക്ഷീയ മുൻതൂക്കം നേടാനുള്ള ശ്രമങ്ങൾക്കെതിരെ ജനങ്ങളുടെ പ്രതിരോധം വളർന്ന് വരുന്നുണ്ട്. ഒരുമിച്ച് നിന്നാൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു.
ജമ്മു കാശ്മീരിൽ സമാധാനം കൊണ്ടു വന്നു എന്ന് അവകാശപ്പെട്ട ബി.ജെ.പിയെ ജനം തിരസ്കരിച്ചു. ജമ്മു കാശ്മീർ പിടിക്കാൻ എല്ലാ തന്ത്രങ്ങളും കേന്ദ്ര അധികാരം ഉപയോഗിച്ച് ബി.ജെ.പി ചെയ്തു. മണ്ഡലങ്ങൾ തങ്ങൾക്കനുസരിച്ച് പുനർ നിർണ്ണയിച്ചു. പക്ഷേ അതൊന്നും കൊണ്ട് ബി.ജെ.പിക്ക് പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ല . നാഷണൽ കോൺഫറൻസ്-കോൺഗ്രസ്- സിപിഎം പാർട്ടികൾ അടങ്ങിയ ഇന്ത്യാ മുന്നണിക്ക് ജനങ്ങൾ നൽകിയ പിന്തുണ ബി.ജെ.പി ക്കുള്ള തിരിച്ചടിയാണ്. കശ്മീരിലെ മറ്റൊരു പ്രധാന കക്ഷിയായ പി.ഡി.പി കൂടി മുന്നണിയിലുണ്ടായിരുന്നെങ്കിൽ ബി.ജെ.പി പൂർണ്ണമായും നിഷ്പ്രഭമാകുമായിരുന്നു.
ബി.ജെ.പിക്കെതിരായ ഭരണ വിരുദ്ധ വികാരം വേണ്ട വിധം ഉപയോഗിക്കാൻ കഴിയുന്ന തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടായിരുന്നെങ്കിൽ ഹരിയാനയിലും വൻ തിരിച്ചടി നൽകാൻ കഴിയുമായിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യാ മുന്നണിക്ക് സംഭവിച്ച പിഴവ് ഒരു പാഠമാണ്. ഇത് മനസ്സിലാക്കാൻ ഇന്ത്യാ മുന്നണിക്ക് കഴിയണം. കർഷക രോഷവും ഗുസ്തി താരങ്ങളുടെ പ്രചരണവും മറ്റ അനുകൂല സാഹചര്യങ്ങളുമെല്ലാം കൊണ്ടും ഹരിയാനയിൽ അനായാസ ജയം പ്രതീക്ഷിച്ച് സഖ്യങ്ങളുണ്ടാക്കാതിരിക്കുകയും ഗ്രൂപ്പ് കളിക്കുകയും ചെയ്തതിൻ്റെ അനന്തര ഫലമാണ് ഹരിയാനയിലേത്.
ഇക്കാര്യം തിരിച്ചറിയാൻ കോൺഗ്രസിന് കഴിയണം. ബി.ജെ.പിയും കോൺഗ്രസും തമ്മിൽ 0.5 ശതമാനം വോട്ടിൻ്റെ വ്യത്യാസം മാത്രമാണ് ഹരിയാനയിലുള്ളത്. ആംആദ്മിയെയും ഐ.എൻ.എൽഡിയെയും ആസാദ് സമാജ് പാർട്ടിയെയും മുന്നണിയുമായി സഹകരിപ്പിച്ചാൽ അനായാസ ജയം ഇന്ത്യാ മുന്നണിക്ക് ലഭിക്കുമായിരുന്നു. നിർണ്ണായക ഘട്ടങ്ങളിൽ ജനങ്ങളുടെ പ്രതീക്ഷക്ക് അനുസരിച്ച് ഉയരാതിരിക്കുന്ന നിലപാട് ഇനിയും ആവർത്തിക്കാതിരിക്കാൻ ഇന്ത്യാ മുന്നണിക്ക് കഴിയണം .
സംഘ്പരിവാർ ഭരണതലങ്ങളിലും സമൂഹ്യമേഖലയിലും നേടിയ ആഴത്തിലുള്ള സ്വാധീനം ഏതെങ്കിലും ഒരു പാർട്ടിക്ക് ഒറ്റയ്ക്ക് മറികടക്കാനാവില്ല. തിരഞ്ഞെടുപ്പ് വിജയിക്കാൻ അനുയോജ്യമായ സോഷ്യൽ ഇഞ്ചിനിയറിംഗും സഖ്യങ്ങളും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും വേണം. ഇത് രൂപപ്പെടുത്താൻ ഇന്ത്യാ മുന്നണിക്ക് കഴിഞ്ഞാലെ മഹാരാഷ്ട്ര അടക്കമുള്ള വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പുകൾ വിജയിക്കാനാകവെന്ന് അദ്ദേഹം പറഞ്ഞു.