മലമ്പുഴ: നിരവധി തട്ടിപ്പുകേസ്സിലെ പ്രതിയെ മലമ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. കടുക്കാംകുന്നം ഉപ്പുപൊറ്റയിലുള്ള മണികണ്ഠൻ്റെ ഭാര്യ അംബിക (39 ) യെയാണ് അറസ്റ്റ് ചെയ്തത്.
വിവിധ ആളുകളെ കബളിപ്പിച്ച് ഇവര്‍ ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്. യൂണിഫോം സാരി വാങ്ങി വിതരണം ചെയ്ത് ലാഭമുണ്ടാക്കാം എന്ന് പറഞ്ഞ് കടുക്കാംകുന്നം സ്വദേശിനി തസ്ലീമയില്‍ നിന്ന് 8.62 ലക്ഷം രൂപയും, പങ്കാളിത്തത്തോടെ കാറ്ററിംങ് നടത്തി ലാഭമുണ്ടാക്കാമെന്നു പറഞ്ഞ് കടുക്കാംകുന്നം സ്വദേശിനിയായ ചന്ദ്രികയില്‍ നിന്ന് 11 ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് പരാതി.
സമാന കുറ്റകൃത്യത്തിന് ഇവർക്കെതിരേ ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലും കേസ് നിലവിലുണ്ട്. ഇവരുടെ പേരിൽ നിരവധി ചെക്ക് കേസ് വാറണ്ടുകളും ഉണ്ട്. ഇവർക്കെതിരേ മൂന്ന് കേസ്സുകൾ മലമ്പുഴ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
മലമ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.സുജിത്തിൻറെ നിർദ്ദേശപ്രകാരം എസ് ഐ രംഗനാഥൻ. എസ് ഐ ഷാജഹാൻ. എ എസ് ഐ രമേഷ്, എ എസ് ഐ മിനി, സി പി ഒ മാരായ രമ്യ, സന്ധ്യ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു.