ബെംഗളൂരു: ബെംഗളൂരുവില്‍ അഞ്ച് വയസുകാരന്‍ മരിച്ചത് കേക്കില്‍ നിന്നുള്ള ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം. കുട്ടിയുടെ മാതാപിതാക്കള്‍ ഐസിയുവില്‍ ചികിത്സയിലാണ്.
ബെംഗളൂരു വെസ്റ്റിലെ ഭുവനേശ്വരി നഗർ സ്വദേശിയായ ധീരജ് എന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ മാതാപിതാക്കളായ ബാലരാജ്, നാഗലക്ഷ്മി എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്.
ഞായറാഴ്ച രാത്രി അത്താഴത്തിന് ശേഷം കുടുംബം കേക്ക് കഴിച്ചതായി പൊലീസ് പറയുന്നു. ഫുഡ് ഡെലിവറി ജീവനക്കാരനാണ് ബാലരാജ്. വിതരണത്തിന് കരുതിയ കേക്ക്, ഓര്‍ഡര്‍ റദ്ദാക്കിയതിന് പിന്നാലെ വീട്ടിലെ റഫ്രിജറേറ്ററില്‍ സൂക്ഷിക്കുകയായിരുന്നു.
ഇതാണ് കുടുംബം കഴിച്ചത്. ഇവരുടെ വീട്ടില്‍ നിന്നും ഭക്ഷണസാധനങ്ങളെല്ലാം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.