ഡീസലുമായി പോയ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി, ഒഴുകിപ്പരന്ന ഡീസൽ ശേഖരിക്കാന്‍ പാഞ്ഞടുത്ത് ജനക്കൂട്ടം; വീഡിയോ വൈറൽ

ഗുജറാത്തിലെ രാജ്കോട്ടിൽ നിന്ന് ഭോപ്പാലിനടുത്തുള്ള ബകനിയയിലേക്ക് പോവുകയായിരുന്ന ദില്ലി – മുംബൈ ചരക്ക് ട്രെയിന്‍ മധ്യപ്രദേശിലെ രത്ലാമിൽ പാളം തെറ്റി. ഇതേതുടർന്ന് ട്രെയിന്‍റെ മൂന്ന് കോച്ചുകള്‍ ട്രാക്കില്‍ നിന്നും തെന്നിമാറി. ഇതോടെ ഗുഡ്സ് ടാങ്കര്‍ ട്രെയിനിലുണ്ടായിരുന്ന പെട്രോളിയം ഉൽപ്പന്നങ്ങൾ ചോർന്നു. ഇതെടെ പ്രദേശവാസികള്‍ പാഞ്ഞെത്തി. ഡീസൽ ഒലിച്ചിറങ്ങിയ അഴുക്കു ചാലിന് ചുറ്റും കൂടിയ പ്രദേശവാസികള്‍ തങ്ങളുടെ കൈയില്‍ കിട്ടിയ കന്നാസുകളില്‍ ഡീസൽ കോരി നിറക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

റെയില്‍വേ ലൈനിന് സമീപത്തെ അഴുക്കു ചാലിലൂടെ നീല നിറത്തില്‍ അഴുക്ക് വെള്ളവുമായി കലര്‍ന്ന് ഒഴുകുന്ന ഡീസല്‍ വീഡിയോയില്‍ കാണാം. ഈ ഓവുചാലിന് ചുറ്റുമിരുന്ന് ആളുകള്‍ ചെറിയ മഗ്ഗുകളിലും കപ്പുകളിലും ഡീസൽ കോരിയെടുത്ത് തങ്ങള്‍ കൊണ്ട് വന്ന 10 ഉം 20 ലിറ്ററിന്‍റെ കന്നാസുകളിലേക്ക് മലിനമായ ഡീസൽ ശേഖരിക്കുന്നതും വീഡിയോയില്‍ കാണാം. നൂറു കണക്കിന് ആളുകളാണ് ഡീസല്‍ ശേഖരിക്കാനായി പ്രദേശത്തേക്ക് എത്തിയത്. കുട്ടികളും സ്ത്രീകളും അടക്കമുള്ളവര്‍ വലിയ കാനുകളില്‍ ഡീസലുമായി കയറ്റം കയറി പോകുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ട്. ഈസമയം പ്രദേശവാസികളുടെ പ്രവര്‍ത്തികള്‍ നോക്കി കൊണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ സമീപത്ത് നില്‍ക്കുന്നുണ്ടായിരുന്നു. 

മാമോത്തുകള്‍ പുനർജനിക്കുമോ? 2028 ഓടെ അവ ഭൂമിയിലൂടെ വീണ്ടും നടക്കുമെന്ന് വെളിപ്പെടുത്തല്‍

വാള്‍മാർട്ടിൽ നിന്ന് മോഷ്ടിക്കുകയും അതിന്‍റെ വീഡിയോ എടുക്കുകയും ചെയ്തു; യുവതിക്ക് രണ്ട് വർഷത്തേക്ക് വിലക്ക്

‘മധ്യപ്രദേശിലെ രത്ലാമിൽ പാളം തെറ്റിയ ചരക്ക് ട്രെയിനിന്‍റെ മൂന്ന് വാഗണുകളിൽ നിന്ന് ജനക്കൂട്ടം ഡീസൽ കൊള്ളയടിച്ചു.’ എന്ന കുറിപ്പോടെ ഘര്‍ കർ കലേഷ് എന്ന് ജനപ്രിയ എക്സ് ഹാന്‍റിലില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം മൂന്ന് ലക്ഷത്തോളം പേരാണ് കണ്ടത്. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. എന്നാല്‍ ഇത് കൊള്ളയാണെന്ന് പറയാന്‍ കഴിയില്ലെന്ന് ചിലരെഴുതി. മറിച്ച് യാദൃശ്ചികമായി പുറത്തുവിടുന്ന ഇന്ധനം വീണ്ടെടുക്കുക മാത്രമാണ് പ്രദേശവാസികൾ ചെയ്യുന്നതെന്ന് ചിലരെഴുതി. വെറുതേ ഭൂമിയില്‍ ഒഴിക്കിക്കളയുന്നതിന് പകരം അവര്‍ ഉപയോഗിക്കാനായി എടുക്കുന്നു. 

” ഇത് ഒരു കൊള്ളയല്ല .. ആളുകൾ അത് ടാങ്കറിൽ നിന്ന് നേരിട്ട് എടുക്കുമ്പോൾ അത് കൊള്ളയാണ്. എന്നാല്‍ അവർ അത് അഴുക്കുചാൽ നിന്നും ശേഖരിക്കുന്നു. അത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. കൂടാതെ വെള്ളം കലർന്നതിനാൽ അവർക്ക് ഇത് അവരുടെ വാഹനങ്ങളിൽ നേരിട്ട് ഉപയോഗിക്കാൻ കഴിയില്ലെന്ന് ഞാൻ കരുതുന്നു…” ഒരു കാഴ്ചക്കാരനെഴുതി. പാളം തെറ്റിയ സംഭവം നടന്ന് 12 മണിക്കൂറിന് ശേഷം ഒക്ടോബർ 4 വെള്ളിയാഴ്ചയോടെ ട്രാക്കിലെ അറ്റകുറ്റപണികള്‍ പൂർത്തിയാക്കി ട്രെയിൻ വീണ്ടും ഓടിത്തുടങ്ങിയെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി രത്ലാം ഡിവിഷണൽ റെയിൽവേ മാനേജർ രജനീഷ് കുമാർ (ഡിആർഎം) പബ്ലിക് റിലേഷന്‍സ് ഓഫീസർ ഖേംരാജ് മീന വാർത്താ ഏജന്‍സിയോട് പറഞ്ഞു. 

നിന്ന നിൽപ്പിൽ വെള്ളം കയറി മുങ്ങിപ്പോകുന്ന കര, മരത്തിന് മുകളിലേക്ക് ചാടിക്കയറി യുവാവ്; വീഡിയോ വൈറൽ

By admin