ന്യൂഡൽഹി: ഹരിയാനയും ജമ്മു കശ്മീരും ആരു ഭരിക്കുമെന്ന് ഇന്നറിയാം. രാവിലെ എട്ട് മണിയോടെ വോട്ടണൽ ആരംഭിക്കും. മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടന്ന ജമ്മു കാശ്മീരിൽ 63% പോളിങ്ങും ഹരിയാനയിൽ 65 ശതമാനം പോളിങ്ങുമാണ് രേഖപ്പെടുത്തിയത്.
രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. രാവിലെ 10 മണിയോടെ സംസ്ഥാനം ആര്‍ക്കൊപ്പമെന്നതിന്റെ ഏകദേശ ചിത്രം വ്യക്തമാകും. 90 അംഗ നിയമസഭകളിലേക്കാണ് ജമ്മു കശ്മീരിലും ഹരിയാനയിലും വോട്ടെടുപ്പ് നടന്നത്.
പോസ്റ്റൽ ബാലറ്റുകൾ എണ്ണിയ ശേഷമാകും ഇവിഎം മെഷീനുകൾ എണ്ണിത്തുടങ്ങുക. രണ്ടു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്.
എക്‌സിറ്റ് പോൾ ഫലങ്ങളും രണ്ട് സംസ്ഥാനങ്ങളിലും അനുകൂലമായതിന്‍റെ ആവേശത്തിലാണ് കോൺഗ്രസ്. വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ മുതൽ വ്യക്തമായ ലീഡ് ഉറപ്പിക്കാൻ സാധിക്കുമെന്ന ആത്മ വിശ്വാസവും കോൺഗ്രസിനുണ്ട്. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് -കോൺഗ്രസ് സർക്കാരും ഹരിയാനയിൽ കോൺഗ്രസും അധികാരത്തിൽ വരുമെന്നുമാണ് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. ഹരിയാനത്തിൽ കോൺഗ്രസിന്റെ ഉജ്ജ്വല തിരിച്ചു വരവാണ് ഭൂരിപക്ഷം ഏജൻസികളും പ്രവചിക്കുന്നത്.