ചങ്ങനാശേരി: ചങ്ങനാശേരിയില്‍ വീണ്ടും ഗുണ്ടാ ആക്രമണം. കുരിശുമ്മൂട്ടിലെ റോഡരികിലെ കടയില്‍ നിന്ന യുവാവിനെ ഗുണ്ടാ സംഘം തലയ്ക്കടിച്ചു വീഴ്ത്തി. കുരിശുമ്മൂട് പ്ലാപ്പറമ്പില്‍ ഗസാലി (39)യെയാണ് അക്രമി തലയ്ക്കടിച്ചു വീഴ്ത്തിയത്.  
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വീടിനു സമീപത്തെ കടയില്‍ പാല്‍ വാങ്ങാന്‍ വന്നതായിരുന്നു ഗസാലി. ഇയാള്‍ കടയില്‍ എത്തുമ്പോള്‍ ഇയാളുടെ സുഹൃത്തും സമീപത്തുണ്ടായിരുന്നു. സുഹൃത്തിനെ ഗസാലി വിളിച്ചതിനു പിന്നാലെ പ്രകോപനമൊന്നുമില്ലാതെ അക്രമി ഇദ്ദേഹത്തിന്റെ തലയ്ക്കടിയ്ക്കുകയായിരുന്നു.
തലയ്ക്ക് അടിയേറ്റ ഗസാലി ബോധരഹിതനായി വീണു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ തലയ്ക്ക് രണ്ട് തുന്നിക്കെട്ടലുകള്‍ വേണ്ടി വന്നിട്ടുണ്ട്. സംഭവത്തില്‍ ചങ്ങനാശേരി പോലീസില്‍ പരാതി നല്‍കി.
ചങ്ങനാശേരിയില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ഗുണ്ടാ കുടിപ്പകയെ തുടര്‍ന്നു യുവാവിനെ വടിവാളിനു വെട്ടി പരുക്കേല്‍പ്പിച്ചിരുന്നു. നഗരമധ്യത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷന്റെ സമീപത്തെ റോഡില്‍ വെച്ചാണ് യുവാവിനെ മൂന്നുപേര്‍ ചേര്‍ന്ന് ഓടിച്ചിട്ടു തലങ്ങുംവിലങ്ങും വെട്ടിയത്. 
ബൈക്കില്‍ പോയ ആളെ കാറിടിച്ചു വീഴ്ത്തിയ ശേഷമായിരുന്നു ആക്രമണം. തൊട്ടടുത്ത കടയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും വിടാതെ വീണ്ടും വെട്ടിവീഴ്ത്തി.
ആക്രമണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംഭവം ഏറെ വിവാദമായിരുന്നു. പിന്നാലെ ചങ്ങനാശേരിയില്‍ നടക്കുന്ന ഗുണ്ടാ വിളയാട്ടവും പോലീസിന്റെ നിഷ്‌ക്രീയത്വവും ഏറെ ചോദ്യം ചെയ്യപ്പെട്ടു.
ആരോപണം ഉയര്‍ന്നതോടെ ചങ്ങനാശേരി പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചെങ്കിലും ഗുണ്ടകള്‍ക്കു നേരെ കാര്യമയ നടപടി ഒന്നും ഉണ്ടായില്ലെന്നു മാത്രം. ചങ്ങനാശേരിയില്‍ നടക്കുന്ന മോഷണങ്ങള്‍ മുതല്‍ ലഹരി വിതരണവും ഗുണ്ടാമാഫിയയുടെ നേതൃത്വത്തലാണ് അരങ്ങേറുന്നത്. പക്ഷേ, ഇക്കൂട്ടരെ അമര്‍ച്ച ചെയ്യാന്‍ പോലീസിനു സാധിക്കുന്നില്ലെന്നുള്ളതാണു വസ്തുത.

By admin

Leave a Reply

Your email address will not be published. Required fields are marked *