കൊച്ചി: ലോക ബാങ്ക് ഗ്രൂപ്പിലെ അംഗമായ ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐഎഫ്സി) സ്വകാര്യമേഖലയിലെ മുന്‍നിര ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്കുമായി സഹകരിക്കുന്നു.ഇന്ത്യയില്‍ ബ്ലൂ ഫിനാന്‍സ് മാര്‍ക്കറ്റ് വികസിപ്പിക്കുന്നതിനും പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്ക് ധനസഹായം നല്‍കാനും 500 മില്യണ്‍ ഡോളര്‍ വായ്പ നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ സഹകരണം. ഐഎഫ്സി ഇന്ത്യയില്‍ നടത്തുന്ന ഏറ്റവും വലിയ ഗ്രീന്‍ ഫിനാന്‍സിങ് കൂടിയാണ് ഈ ഇടപാട്.
 
മലിനജല മാനേജ്മെന്‍റ്, സമുദ്ര പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കല്‍, സമുദ്ര ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനം, സുസ്ഥിരമായ ഷിപ്പിംഗ്, പരിസ്ഥിതി സൗഹൃദ ടൂറിസം, ഓഫ്ഷോര്‍ പുനരുപയോഗ ഊര്‍ജം എന്നി മേഖലകളില്‍ ഇതുവഴി സഹായം ലഭ്യമാക്കാന്‍ ഐഎഫ്സി ആക്സിസ് ബാങ്കിനെ സഹായിക്കും. 
 
രാജ്യത്തെ വര്‍ധിച്ചുവരുന്ന നഗരവല്‍ക്കരണത്തിന്‍റെയും സാമ്പത്തിക വളര്‍ച്ചയുടെയും ഫലമായുണ്ടാകുന്ന ഊര്‍ജ ആവശ്യങ്ങള്‍ക്കും ജലലഭ്യത വര്‍ധിപ്പിക്കാനും മലിനജല ശുദ്ധീകരണ പദ്ധതികളില്‍ നിക്ഷേപം നടത്തുന്നതിനും ഇതുവഴി വഴിയൊരുക്കും. രാജ്യത്തെ 2022-ലെ കണക്കനുസരിച്ച് ജല, മലിനജല ശുദ്ധീകരണ വിപണിയുടെ വലുപ്പം 1.6 ബില്യണ്‍ ഡോളറാണ്. 2029ഓടെ 3 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഹരിത നിര്‍മിതികളുടെ വിപണി 2030-ഓടെ 1.4 ട്രില്യണ്‍ ഡോളറിലെത്തുമെന്നും കണക്കാക്കുന്നു.
 
അടിസ്ഥാന സൗകര്യ വികസനത്തിന് ഈ മേഖലയിലുണ്ടാകുന്ന പൊതു നിക്ഷേപത്തിന്‍റെ അപര്യാപ്തത നികത്തുന്നതിന് സ്വകാര്യമേഖലയുടെ പങ്കാളിത്തം ആവശ്യമുണ്ട്. പരിസ്ഥിതി സുസ്ഥിരതയ്ക്കും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ വര്‍ദ്ധിച്ചുവരുന്ന പ്രത്യാഘാതങ്ങള്‍ തടുക്കുന്നതിനും ഐഎഫ്സിയുമായുള്ള സഹകരണം വഴി ഫണ്ട് ലഭ്യമാക്കുന്നതില്‍ ആക്സിസ് ബാങ്കിന് അഭിമാനമുണ്ടെന്ന് ആക്സിസ് ബാങ്ക് എംഡിയും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു.
 
ഇന്ത്യയുടെ സുസ്ഥിര വളര്‍ച്ചയെ മുന്നോട്ടുനയിക്കുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ആക്സിസ് ബാങ്കുമായി സഹകരിച്ച് നിക്ഷേപം നടത്താന്‍ ഐഎഫ്സി പ്രതിജ്ഞാബദ്ധരാണെന്ന് ഐഎഫ്സി മാനേജിംഗ് ഡയറക്ടര്‍ മക്തര്‍ ദിയോപ് പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *