‘അദ്ദേഹത്തിന്‍റെ വലിയ ആഗ്രഹമായിരുന്നു ഈ റീ റിലീസ്’; ‘വടക്കന്‍ വീരഗാഥ’യുടെ രണ്ടാം വരവിന് മുന്‍പ് മമ്മൂട്ടി

മലയാള സിനിമയിലെ റീ റിലീസ് ട്രെന്‍ഡില്‍ അടുത്തതായി എത്തുന്ന ചിത്രം മലയാളത്തിലെ ക്ലാസിക്കുകളിലൊന്നായി വിലയിരുത്തപ്പെടുന്ന ചിത്രം ഒരു വടക്കന്‍ വീരഗാഥയാണ്. എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് 1989 ല്‍ പുറത്തെത്തിയ ചിത്രമാണിത്. വടക്കന്‍ പാട്ടിലെ ചതിയന്‍ ചന്തുവിനെ എംടി വേറിട്ട രീതിയില്‍ നോക്കിക്കണ്ടപ്പോള്‍ പിറന്നത് മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച പ്രകടമാണ്. ഇപ്പോഴിതാ റീ റിലീസിംഗ് വേളയില്‍ ചിത്രത്തെക്കുറിച്ച് പറയുകയാണ് മമ്മൂട്ടി. ഈ റീ റിലീസ് ഏറ്റവും ആഗ്രഹിച്ചയാള്‍ ആരെന്നും അദ്ദേഹം പറയുന്നു.

ഒരു വടക്കന്‍ വീരഗാഥ. മലയാള സിനിമയ്ക്കും പ്രത്യേകിച്ച് വ്യക്തിപരമായി എനിക്കും ഒരുപാട് നേട്ടങ്ങള്‍ നേടിത്തന്ന സിനിമയാണ് ഒരു വടക്കന്‍ വീരഗാഥ. പ്രിയപ്പെട്ട എംടി തിരക്കഥയെഴുതി, ഹരിഹരന്‍ സാര്‍ സംവിധാനം ചെയ്ത്, ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച്, 1989 ല്‍ റിലീസ് ചെയ്ത ഈ സിനിമ വീണ്ടും പുതിയ സാങ്കേതികവിദ്യയോടുകൂടി റിലീസ് ചെയ്യപ്പെടുകയാണ്. ഈ സിനിമ 4കെ അറ്റ്മോസില്‍ റിലീസ് ആവണമെന്ന് ഒരുപാട് ആഗ്രഹിച്ചയാളാണ് പിവിജി (പി വി ഗംഗാധരന്‍, ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ്). അതിനെക്കുറിച്ച് ഞങ്ങള്‍ തമ്മില്‍ ഒരുപാട് സംസാരിച്ചിട്ടുമുണ്ട്. അന്ന് എന്തുകൊണ്ടോ അത് നടക്കാതെപോയി. ഇന്ന് അദ്ദേഹത്തിന്‍റെ മക്കള്‍ ആ സ്വപ്നം സാക്ഷാത്കരിക്കുകയാണ്. നേരത്തെ കണ്ടവര്‍ക്ക് വീണ്ടും ഒരിക്കല്‍ക്കൂടി കാണാനും പുതിയ കാഴ്ചക്കാര്‍ക്ക് പുതിയ കാഴ്ച, ശബ്ദ മിഴിവോടെ കാണുവാനുമുള്ള അവസരം ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ഒരുക്കിയിരിക്കുകയാണ്, മമ്മൂട്ടി പറയുന്നു. ചിത്രത്തിന്‍റെ റീ റിലീസ് ടീസര്‍ ഇന്നലെ പുറത്തെത്തിയിരുന്നു. 

കഴിഞ്ഞ വര്‍ഷമായിരുന്നു പി വി ഗംഗാധരന്‍റെ വിയോഗം. അദ്ദേഹത്തിന്‍റെ മക്കളായ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച എസ് ക്യൂബ് ഫിലിംസ് സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. 

ALSO READ : ഷൈന്‍ ടോം ചാക്കോ നായകന്‍; ‘ഒരു അന്വേഷണത്തിന്‍റെ തുടക്കം’ ഫസ്റ്റ് ലുക്ക് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin