ഡല്‍ഹി: കോണ്‍ഗ്രസ് ഹിന്ദുക്കളെ ഭിന്നിപ്പിച്ച് മുസ്ലീങ്ങളെ പ്രീണിപ്പിക്കുകയാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനു നല്‍കിയ അഭിമുഖത്തില്‍ കോണ്‍ഗ്രസ് മുസ്ലീങ്ങളെ വോട്ട് ബാങ്കായി ഉപയോഗിക്കുന്നതായും പാര്‍ലമെന്ററി കാര്യ മന്ത്രി ആരോപിച്ചു.
തിരഞ്ഞെടുപ്പ് വേളയിലെ മുസ്ലീം പിന്തുണയെ പരാമര്‍ശിച്ച് തങ്ങളുടെ 15 ശതമാനം വോട്ട് സംവരണമാണെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇത് പാര്‍ട്ടിയുടെ മാനസികാവസ്ഥയാണ് പ്രതിഫലിപ്പിക്കുന്നത്.
മുസ്ലിംകളെ തങ്ങളുടെ വോട്ട് ബാങ്കായാണ് കോണ്‍ഗ്രസ് കാണുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. അത് മുസ്ലീങ്ങള്‍ക്ക് വലിയ നഷ്ടമാണന്നും കിരണ്‍ റിജിജു പറഞ്ഞതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
”മുസ്ലിംകള്‍ക്കുള്ള എന്റെ മുന്നറിയിപ്പ്: കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കാകരുത്! ഹിന്ദുക്കള്‍ക്കും മറ്റുള്ളവര്‍ക്കും എന്റെ മുന്നറിയിപ്പ്: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭിന്നിപ്പിച്ച് ഭരിക്കുന്ന നയങ്ങളുടെ ഇരകളാകരുത്. ഞായറാഴ്ച തന്റെ അഭിമുഖത്തിന്റെ ഒരു ക്ലിപ്പ് എക്സില്‍ പങ്കുവച്ച് കേന്ദ്രമന്ത്രി കുറിച്ചു.
മുസ്ലീങ്ങള്‍ എപ്പോഴും തങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു. ഇത്തരമൊരു ചിന്താ പ്രക്രിയയ്ക്കിടയില്‍ മുസ്ലിം സമൂഹം എങ്ങനെ വികസിക്കും? കിരണ്‍ റിജിജു ചോദിച്ചു.
ബാബാ സാഹിബ് നിയമമന്ത്രി സ്ഥാനം രാജിവെച്ചപ്പോഴും ഇന്ത്യന്‍ ഭരണഘടനാ ശില്പിയെ അപമാനിക്കുന്നത് കോണ്‍ഗ്രസ് തുടര്‍ന്നുവെന്നും മന്ത്രി ആരോപിച്ചു.
ഹിന്ദുക്കളെ ഭിന്നിപ്പിച്ച് മുസ്ലീങ്ങളെ വോട്ട് ബാങ്കായി നിലനിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ പ്രധാന ശ്രമമെന്നും റിജിജു പറഞ്ഞു.
എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളില്‍ പെട്ടവര്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് രാഹുല്‍ ഗാന്ധിക്ക് എബിസിഡി പോലും അറിയില്ല. എന്നിട്ടും അദ്ദേഹം എല്ലായ്പ്പോഴും എസ്സി, എസ്ടി, ഒബിസി എന്നിവയെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കുന്നു.
എസ്സി, എസ്ടി, ഒബിസി വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അങ്ങനെ സംസാരിക്കാനാണ് അദ്ദേഹത്തെ പഠിപ്പിച്ചതെന്നും ന്യൂനപക്ഷകാര്യ മന്ത്രി കൂടിയായ റിജിജു പറഞ്ഞു. കഴിഞ്ഞ 60 വര്‍ഷത്തിനിടെ കോണ്‍ഗ്രസാണ് മുസ്ലീങ്ങളെ ദരിദ്രരാക്കിയതെന്ന് റിജിജു അടുത്തിടെ ആരോപിച്ചിരുന്നു.