കോട്ടയം: താഴത്തങ്ങാടി വള്ളം കളി മാറ്റിവച്ചതോടെ ദുരിതത്തിലായി പ്രദേശവാസികള്‍. വള്ളം കളി കണ്ട് ആവേശഭരിതരാവാത്തതില്‍ അല്ല, മറിച്ചു വള്ളം കളിയോടനുബന്ധിച്ചു ആറ്റിലെ മാലിന്യം നീക്കാറുണ്ട്. ഇക്കുറി വള്ളം വള്ളംകളി മാറ്റിവച്ചതോടെ അതുണ്ടായല്ല.
താഴത്തങ്ങാടി പാലത്തിനടിയിലാണ് മാലിന്യം അടിഞ്ഞുകൂടി കിടക്കുന്നത്. കഴിഞ്ഞ വെള്ളപ്പൊക്കത്തിന് മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയ മരത്തടികളും പ്ലാസ്റ്റികും ഉള്‍പ്പെടെയുള്ളവ പാലത്തിനടിയില്‍ തങ്ങിനില്‍ക്കുകയാണ്. വെള്ളം താഴ്ന്നതോടെ ഇവിടെ പുല്ലുവളര്‍ന്നു തുരുത്തായി മാറി.
പാലത്തിന്റെ തൂണിനോടു ചേര്‍ന്നുള്ള ഭാഗത്താണ് ഇത്തരത്തില്‍ മാലിന്യം കുമിയുന്നത്. ഒഴുകിയെത്തു മാലിന്യങ്ങള്‍ക്കു പുറമേ വഴിയാത്രക്കാരും ഇവിടേക്കു മാലിന്യം തള്ളുന്നതായി പ്രദേശവാസികള്‍ പറയുന്നു. പല മാലിന്യങ്ങളും ഇവിടെ കിടന്നു അഴുകി മീനച്ചിലാറ്റിലെ വെള്ളം കൂടുതല്‍ മലിനമാക്കുന്നതായും നാട്ടുകാര്‍ പറയുന്നു.
ജലനിരപ്പ് താഴുമ്പോള്‍ മീനച്ചിലാറ്റിലെ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ജലജന്യ, സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ ഇതു കാരണമാകുമെന്ന ആശങ്കയുമുണ്ട്. റോഡിനു വശത്തെ പുല്ലുകളും തിങ്ങിവളര്‍ന്ന നിലയിലാണ്. ഇരുവശങ്ങളിലുമുള്ള പ്രദേശവാസികള്‍ വൃത്തിയാക്കുന്നതല്ലാതെ അധികൃതര്‍ തിരിഞ്ഞു നോക്കുന്നതേയില്ലെന്ന പരാതി നാട്ടുകാര്‍ക്കുണ്ട്.
ഇരുകരകളിലുമായി നൂറുകണക്കിനു വീട്ടുകാര്‍ വെള്ളത്തിനായി മീനച്ചിലാറിനെ ആശ്രയിക്കുന്നുണ്ടെങ്കിലും സംരക്ഷിക്കുന്ന കാര്യത്തില്‍ ശ്രദ്ധ കൊടുക്കുന്നതേയില്ല. മുന്‍ വര്‍ഷങ്ങളില്‍ താഴത്തങ്ങാടി വള്ളംകളിയോടനുബന്ധിച്ചു മീനച്ചിലാറും പാലത്തിന്റെ സമീപവും വൃത്തിയാക്കിയിരുന്നു. എന്നാല്‍, ഇത്തവണ വള്ളംകളി മാറ്റിവച്ചതോടെ ശുചീകരണവും മുടങ്ങുകയായിരുന്നു.