തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിൻെറ കാലത്ത് ബാറുകൾ അനുവദിക്കുന്നതിൽ അഴിമതി ആരോപണം ഉന്നയിച്ച് സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിയ ഇടത് മുന്നണി അധികാരത്തിലെത്തിയതോടെ അതെല്ലാം മറന്നു.
പിണറായി സർക്കാർ അധികാരത്തിലുളള സംസ്ഥാനത്ത് ഇപ്പോൾ പ്രവർത്തിക്കുന്നത് 836 ബാറുകളാണ്. 2016ൽ എൽ ഡി എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇതുവരെ 303 ബാർ ലൈസൻസുകളാണ് പുതിയതായി അനുവദിച്ചത്. രണ്ടാം പിണറായി സർക്കാർ വന്നതിന് ശേഷം 131 ബാറുകളാണ് സംസ്ഥാനത്ത് പുതുതായി അനുവദിച്ചത്.
നിയമസഭയിൽ സർക്കാർ നൽകിയ കണക്കിലാണ് മദ്യവർജനം നയമായി സ്വീകരിച്ച ഇടത് മുന്നണി സർക്കാരിൻെറ കാലത്ത് ബാറുകളുടെ എണ്ണം കുത്തനെ ഉയർന്നതായി വ്യക്തമായത്.
നിയമസഭയിൽ സണ്ണി ജോസഫിൻെറ ചോദ്യത്തിന് എക്സൈസ് മന്ത്രി എം.ബി. രാജേഷ് രേഖാമൂലം നൽകിയ മറുപടിയിലൂടെയാണ് കണക്കുകൾ പുറത്തുവന്നത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നേശഷം അനുവദിച്ച 136 ബാറുകളിൽ കൂടുതൽ ബാറുകൾ അനുവദിച്ചിരിക്കുന്നത് എറണാകുളം ജില്ലയിലാണ്.
കേരളത്തിൻെറ വ്യവസായ തലസ്ഥാനമെന്ന് അറിയപ്പെടുന്ന എറണാകുളം ജില്ലയിൽ മാത്രം 25 ബാറുകളാണ് പുതുതായി തുടങ്ങിയത്. എറണാകുളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ബാറുകൾ അനുവദിച്ചിരിക്കുന്നത് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ്.
തിരുവനന്തപുരത്ത് 22 ബാറുകളാണ് രണ്ടാം പിണറായി സർക്കാരിൻെറ കാലത്ത് അനുവദിച്ചത്. തൃശൂർ ജില്ലയിൽ 17 ബാറുകളും രണ്ടാം പിണറായി സർക്കാർ അധികാരം ഏറ്റതിന് ശേഷം അനുവദിച്ചിട്ടുണ്ട്. കോട്ടയം, കൊല്ലം ജില്ലകളിൽ യഥാക്രമം 13ഉം , 12ഉം ബാറുകൾ വീതം പുതുതായി തുടങ്ങി.
രണ്ടാം പിണറായി സർക്കാരിൻെറ കാലത്ത്. പുതുതായി ബാറുകൾ അനുവദിക്കാത്തത് കാസർകോട് ജില്ലയിൽ മാത്രമാണ്. സംസ്ഥാനത്ത് ആകെയുളള 836 ബാറുകളിലും കൂടുതലെണ്ണം എറണാകുളം ജില്ലയിലാണ്. 195 ബാറുകളാണ് എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്നത്.
ബാറുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം മൊത്തം 112 ബാറുകളുളള തൃശൂരിനാണ്. തലസ്ഥാനജില്ലയായ തിരുവനന്തപുരത്തിനാണ് മൂന്നാം സ്ഥാനം. ആകെ 94 ബാറുകളാണ് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നത്.
കോട്ടയത്ത് 75 ബാറുകളും കൊല്ലത്ത് 70 ബാറുകളും ആലപ്പുഴ പാലക്കാട് ജില്ലകളിൽ 50 വീതം ബാറുകൾ പ്രവർത്തിക്കുന്നുണ്ട്. ഏറ്റവും കുറച്ച് ബാറുകൾ പ്രവർത്തിക്കുന്നത് വടക്കേയറ്റത്തുളള ജില്ലയായ കാസർകോട്ടാണ്. അത്യുത്തര മലബാർ എന്നറിയപ്പെടുന്ന കാസർകോട്ട് ആകെ 10 ബാറുകളേയുളളു.
നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി 418 ബാറുകളാണ് യു.ഡി.എഫ് സർക്കാരിൻെറ കാലത്ത് അടച്ചുപൂട്ടിയത്. നിലവാരമില്ലാത്ത ബാറുകൾ തുറക്കുന്നതിന് അനുകൂലമായി മദ്യനയം തിരുത്തുന്നതിന് കോഴ വാങ്ങിയെന്നതാണ് അക്കാലത്ത് ബാർകോഴ ഇടപാട് എന്ന് കുപ്രസിദ്ധി ആർജിച്ചത്.
കെ.പി.സി.സി.അദ്ധ്യക്ഷനായിരുന്ന വി.എം.സുധീരൻ നിലവാരമില്ലാത്ത ബാറുകൾ തുറക്കാൻ അനുവദിക്കില്ലെന്ന് കർശന നിലപാട് എടുത്തത് അന്നത്തെ ഉമ്മൻചാണ്ടി സർക്കാരിന് പ്രതിസന്ധിയായിരുന്നു. കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ മതമേലദ്ധ്യക്ഷന്മാരും ബാറുകൾ തുറക്കുന്നതിന് എതിരെ ശക്തമായ സമരത്തിലേക്ക് വന്നു.
വി.എം. സുധീരൻെറ നിലപാടിനോട് ഏറ്റുമുട്ടിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ബാർ ലൈസൻസുകൾ പഞ്ചനക്ഷത്ര, ഹെറിറ്റേജ് ഹോട്ടലുകൾക്ക് മാത്രമായി പരിമിതപ്പെടുത്തി. അതോടെ സംസ്ഥാനത്തെ ബാറുകളുടെ എണ്ണത്തിൽ കുത്തനെ കുറവ് വന്നു.
അക്കാലത്ത് വെറും 6 ബാറുകൾ മാത്രമാണ് കേരളത്തിൽ പ്രവർത്തിച്ചിരുന്നത്. നിലവാരമില്ലാത്തവയെന്ന് പറഞ്ഞ് അടച്ചുപൂട്ടിയ ബാറുകൾ ബീർ-വൈൻ പാർലറായി മാറ്റാൻ അനുമതി നൽകിയിരുന്നു. എന്നാൽ 2016ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് തുടക്കത്തിൽ തന്നെ മദ്യം നയം തിരുത്തി.
ത്രീസ്റ്റാർ വരെയുളള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിച്ചു. ഇതോടെ നേരത്തെ അടച്ചൂപൂട്ടിയ ത്രിസ്റ്റാർ, ഫോർ സ്റ്റാർ ഹോട്ടലുകളിലെ ബാറുകളെല്ലാം തുറന്നു. ഇതിന് പുറമേയാണ് 300 ബാറുകൾ കൂടി പുതുതായി അനുവദിച്ചത്.
മദ്യനയം തിരുത്തിയിട്ടും പുതുതായി ബാറുകൾ അനുവദിച്ചിട്ടുമൊന്നും യു.ഡി.എഫ് കാലത്ത് നിരന്തരം മദ്യവർജന സമരം നടത്തിയിരുന്ന മതമേലദ്ധ്യക്ഷന്മാരെ ആരും തന്നെ ഇപ്പോൾ കാണാനില്ല. പ്രക്ഷോഭവും സമരവും എല്ലാം യു.ഡി.എഫ് കാലത്ത് മാത്രമേയുളളു എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.