കൊച്ചി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. തിരുവനന്തപുരം പൊലീസ് കമീഷണർ ഓഫിസിലാണ് രാവിലെ സിദ്ദീഖ് എത്തിയത്.
പൊലീസ് കൺട്രോൾ റൂമിൽ വെച്ചാണ് ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരം ജില്ലാ പൊലീസ് കമാൻ്റ് സെൻ്ററിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നടന് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഹാജരാകാൻ ആവശ്യപ്പെടുന്നത് ചോദ്യം ചെയ്യാനല്ലെന്നും കേസുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനാണെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്നും നോട്ടീസിൽ പറയുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ പൊലീസിന് മെയിൽ അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് നോട്ടീസ് അയച്ചത്. ഒരാഴ്ചത്തെ ഒളിവുജീവിതത്തിനുശേഷം പുറത്തുവന്നിട്ടും സിദ്ദീഖിനെതിരെ നടപടി സ്വീകരിക്കാതിരുന്നതിൽ അന്വേഷണ സംഘത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. രണ്ടാഴ്ചയിൽ താഴെ മാത്രം സമയമാണ് അന്വേഷണ സംഘത്തിൻറെ മുന്നിലുള്ളത്.