തിരുവനന്തപുരം: ആദ്യദിനം തന്നെ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് നിയമസഭ. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുന്നതിനിടെ ആരാണ് പ്രതിപക്ഷ നേതാവെന്ന് സ്പീക്കര്‍ ചോദിച്ചതാണ് ബഹളത്തിന് കാരണമായത്.
പ്രതിപക്ഷ അംഗങ്ങള്‍ കൂട്ടായി ബഹളം ഉണ്ടാക്കിയപ്പോള്‍ ‘ആരാണ് പ്രതിപക്ഷ നേതാവ്?’ എന്ന സ്പീക്കറുടെ ചോദ്യം വലിയ വിവാദമായി മാറി. പ്രതിപക്ഷ അംഗങ്ങള്‍ സമര്‍പ്പിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യങ്ങളാക്കി മാറ്റിയതിലാണ് സഭയില്‍ രാവിലെ തന്നെ പ്രതിപക്ഷ നേതാവ് വിമര്‍ശനം ഉന്നയിച്ചത്.
അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളെന്ന നിലയിലാണ് നക്ഷത്ര ചിഹ്നമില്ലാത്തവ ആക്കിയതെന്നും ചട്ടലംഘനം ഇല്ലെന്നും സ്പീക്കര്‍ പറഞ്ഞു. സഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം ഹനിച്ചുവെന്ന് പ്രതിപക്ഷ വി ഡി സതീശന്‍ പറഞ്ഞു.
എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ തദ്ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണെന്നായിരുന്നു സ്പീക്കര്‍ പറഞ്ഞു. ഇതിന് പിന്നാലെ പ്രതിപക്ഷം സ്പീക്കര്‍ക്കെതിരെ പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങി. നേതാക്കള്‍ തിരികെ സീറ്റില്‍ പോയി ഇരിക്കണമെന്നും ആരാണ് പ്രതിപക്ഷ നേതാവ് എന്നുമായിരുന്നു സ്പീക്കറുടെ ചോദ്യം.
ഇതില്‍ കുപിതരായ പ്രതിപക്ഷം ബഹളം തുടര്‍ന്നു. അതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്പീക്കറുടെ ചോദ്യം അപക്വമെന്നും സ്പീക്കര്‍ പദവിക്ക് അപമാനമെന്നും വിമര്‍ശിച്ചു.
സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ച് സ്പീക്കറുടെ കസേരയില്‍ ഇരുന്നതിന്റെ കുറ്റബോധം കൊണ്ടാണ് സ്പീക്കര്‍ തന്നോട് ആ ചോദ്യം ചോദിച്ചതെന്ന് വി ഡി സതീശന്‍ പറഞ്ഞു. പിന്നാലെ പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു.