മംഗളൂരു: മംഗളൂരു നോര്‍ത്ത് മുന്‍ എംഎല്‍എ മൊഹിയുദ്ദീന്‍ ബാവയുടെ സഹോദരനും മിസ്ബ ഗ്രൂപ്പ് ചെയര്‍മാനുമായ മുംതാസ് അലിയുടെ മൃതദേഹം കൂളൂര്‍ പാലത്തിനടിയില്‍ കണ്ടെത്തി.
ഞായറാഴ്ച രാവിലെ മുതല്‍ മുംതാസ് അലിയെ കാണാതായിരുന്നു. തിരച്ചിലില്‍ മൃതദേഹം കുളൂര്‍ പാലത്തിനടിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തിയിരുന്നു.
ഞായറാഴ്ച കൂളൂര്‍ പാലത്തിന് സമീപം മുംതാസ് അലിയുടെ പുതിയ ബിഎംഡബ്ല്യു കാര്‍ കിടക്കുന്നത് കണ്ടെത്തിയത് ആശങ്കയ്ക്ക് കാരണമായിരുന്നു.
മൊബൈല്‍ ഫോണും കാറിന്റെ താക്കോലും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. മരണം ആത്മഹത്യയാകാനാണ് സാധ്യതയെന്നാണ് അധികൃതരുടെ സംശയം.
എന്‍ഡിആര്‍എഫ് സംഘത്തോടൊപ്പം വിദഗ്ധ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ ഉള്‍പ്പെടെ ഏഴ് സ്‌കൂബാ ഡൈവര്‍മാരുടെ സംഘമാണ് പാലത്തിന് ചുറ്റും തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തിയത്.