കോട്ടയം: ഇങ്ങനെ പോയാല്‍ ഞങ്ങള്‍ എങ്ങനെ കറിവയ്ക്കും തേങ്ങേ.. കുറയാന്‍ തയാറാകാതെ തേങ്ങ വില. പ്രതിസസന്ധിയിലായി വീട്ടമ്മാര്‍. ഓണത്തിന് ശേഷം കൂടി തുടങ്ങിയ തേങ്ങവില ഇനിയും കുറയാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
നിലവില്‍ 70 രൂപയ്ക്കാണ് മാര്‍ക്കറ്റില്‍ നിന്നു തേങ്ങ ലഭിക്കുന്നത്. ചിലയിടങ്ങളില്‍ 75 രൂപയ്ക്കും വില്‍പ്പന നടക്കുന്നുണ്ട്. കഴിഞ്ഞാഴ്ച അവസാനത്തോടെ വില കുറയുമെന്നു വ്യാപാരികള്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നെങ്കിലും വില കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. തമിഴ്നാട്ടില്‍ നിന്നുള്ള തേങ്ങ വരവ് വര്‍ധിക്കുമെന്ന കരുതിയെങ്കിലും ഇതു ഉണ്ടാകാതെ വന്നതോടെയാണ് വില കുറയാതെ നില്‍ക്കുന്നത്.
നവരാത്രി ദീപാവലി ആഘോഷങ്ങള്‍ കഴിയുന്നതു വരെ വില ഉയര്‍ന്നു നില്‍ക്കുമെന്നും വ്യാപാരികള്‍ പറയുന്നു. ഉത്പാദനം കുറഞ്ഞതാണ് വിലവര്‍ധനവിനുള്ള പ്രധാന കാരണം. ഒപ്പം നവരാത്രി ആഘോഷങ്ങള്‍ക്കായി വന്‍ തോതില്‍ തേങ്ങ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കു കയറ്റി അയക്കുന്നുണ്ട്.വര്‍ധനവ് സാധാരണക്കാരെ വലയ്ക്കുകയാണ്.
അടുക്കളയില്‍ നിന്ന് ഒരു കാരണവശാലും ഒഴിവാക്കാനാകാത്ത ഒന്നാണ് തേങ്ങ. ഓണക്കാലം മുതലാണ് തേങ്ങയുടെ വിലയില്‍ വര്‍ധന കണ്ടുതുടങ്ങിയത്. ഓണത്തിന് 40 രൂപവരെ ഉയര്‍ന്ന തേങ്ങാവില കഴഞ്ഞ ഒരു മാസക്കാലം കൊണ്ട് എഴുപതിന് മുകളിലേക്ക് ഉയരുകയായിരുന്നു.
വിലയില്‍ ഇനിയും വര്‍ധന ഉണ്ടായേക്കാമെന്നും കച്ചവടക്കാര്‍ പറയുന്നു. തേങ്ങാവില വര്‍ധിച്ചതോടെ വെളിച്ചെണ്ണ വിലയും കൂടി. വെളിച്ചെണ്ണ കിലോക്ക് 20 മുതല്‍ 30 രൂപയുടെ വരെ വില വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 240 രൂപയാണ് ഒരു ലിറ്റര്‍ വെളിച്ചെണ്ണയുടെ വില. കൊപ്രക്കും വില വര്‍ധനയുണ്ട്. ഇത് വെളിച്ചെണ്ണയാട്ടി വില്‍പന നടത്തുന്ന മില്ലുടമകളെയും പ്രതിസന്ധിയിലാക്കുന്നു.