റിയാദ്: ലോക കേരളം ഓൺലൈൻ പ്ലാറ്റ്ഫോമിലെ സൗദിയിലെ ആദ്യ ഓൺലൈൻ യോഗം ഒക്ടോബർ 11ന് ചേരും.
പ്രവാസികളായി ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്നതിനും, ലോകത്തിന്റെ ഏത് കോണിൽ നിന്നും കേരള സർക്കാരുമായി അടിയന്തിര ഘട്ടങ്ങളിലും നിത്യ ജീവിതത്തിലും ബന്ധം നിലനിർത്തുവാനുമുള്ള ഓൺലൈൻ സംവിധാനമാണ് ലോക കേരളം ഓൺലൈൻ പോർട്ടൽ.
ഇക്കഴിഞ്ഞ ജൂൺ 14-15 തിയ്യതികളിൽ ലോക കേരള സഭ സമ്മേളനത്തിൽ ഉദ്ഘാടനം ചെയ്ത ‘ലോക കേരളം ഓൺലൈൻ പോർട്ടൽ’ ലോകമാകമാനമുള്ള മലയാളി പ്രവാസികളിലേക്ക് എത്തിക്കുവാൻ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തു വരുന്നു.
ആദ്യഘട്ടം എന്ന നിലയിൽ വിവിധ രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന പ്രമുഖ പ്രവാസി സംഘടനകളെ പങ്കെടുപ്പിച്ചുള്ള യോഗങ്ങൾ സംഘടിപ്പിച്ചു വരുന്നു. ഇതിന്റെ ഭാഗമായി സൗദി അറേബ്യയിലെ പരമാവധി പ്രവാസി സംഘടനകളുടെ ഭാരവാഹികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഓൺലൈൻ യോഗം ഒക്ടോബർ 11നു ഇന്ത്യൻ സമയം രാത്രി 8.30നു ചേരുന്നതാണെന്ന് ലോക കേരള സഭ സെക്രട്ടേറിയറ്റ് അറിയിച്ചു.
പ്രസ്തുത യോഗത്തിൽ പോർട്ടലിന്റെ സാധ്യതകളും ഉദ്ദേശലക്ഷ്യങ്ങളും വിശദമായി അവതരിപ്പിക്കുമെന്നും, രജിസ്ട്രേഷൻ സംബന്ധിച്ച വിശതാംശങ്ങൾ വിവരിക്കുമെന്നും സെക്രട്ടേറിയറ്റ് അറിയിപ്പിൽ പറഞ്ഞു.
നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, ലോകകേരള സഭ ഡയറക്ടർ ആസിഫ് കെ യൂസഫ് ഐഎഎസ്, നോർക്ക-റൂട്ട്സ് സിഇഒ അജിത് കൊളശ്ശേരി എന്നിവർ യോഗത്തിൽ പങ്കെടുക്കും.