മാഹി സെൻ്റ് തെരേസ ബസിലിക്കയിലെ വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുനാൾ ആഘോഷത്തിന് ഇന്നലെ കൊടിയേറി. രാവിലെ 11.30 ന് ഇടവക വികാരിയുടെ കാർമികത്വത്തിൽ പെരുന്നാളിന് കൊടിയേറി. കോഴിക്കോട് രൂപത വികാരി ജനറലും ഇടവക വികാരിയും ആയ ജെൻസെൻ പുത്തൻവീട്ടിൽ കൊടിയേറ്റ കർമം നിർവഹിച്ചു.
തുടർന്ന് അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം പൊതുവണക്കത്തിനായി ദേവാലയത്തിനകത്ത് പ്രതിഷ്ഠിച്ചതോടെ തിരുനാൾ ആഘോഷം തുടങ്ങി. ദേവാലയത്തിന് ബസിലിക്ക പദവി ലഭിച്ചശേഷം നടക്കുന്ന ആദ്യ പെരുനാളാണിത്. മാഹി എം എൽ എ രമേശ് പറമ്പത്, മുൻ ആഭ്യന്തര മന്ത്രി ഇ വത്സരാജ്, മാഹി പോലീസ് സൂപ്രണ്ട് ജി ശരവണൻ, സർക്കിൾ ഇൻസ്‌പെക്ടർ ആർ ഷണ്മുഖം , സ്വാമി പ്രേമന്ദ, തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
എല്ലാ വർഷവും ഒക്ടോബർ അഞ്ചിന് ആരംഭിച്ച് 22ന് അവസാനിക്കുന്ന 18 ദിവസത്തെ പെരുന്നാളാണ്. പൊതുവണക്കത്തിനായി വയ്ക്കുന്ന മാഹിയമ്മയുടെ വിശുദ്ധ തിരുസ്വരൂപത്തിൽ എത്തി പ്രാർഥിക്കുവാനും പൂക്കളർപ്പിക്കുവാനും ഒക്കെയായി പതിനായിരക്കണ ക്കിനാളുകൾ ഇവിടെ എത്തുക. ഒക്ടോബർ 14, 15 തിയതികൾ പെരുന്നാളിലെ പ്രധാധപ്പെട്ട ദിനങ്ങളാണ്.14നാണ് പ്രസിദ്ധമായ നഗര പ്രദക്ഷിണം.
തിരുന്നാളിൻ്റെ പ്രധാന ദിനമായ അന്നാണ് മാഹിയമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗര പ്രദക്ഷിണം നടക്കുന്നത്. ക്ഷേത്രങ്ങളുടെ പരിസരത്തുകൂടെ പ്രദക്ഷിണം കടന്നുപോകുമ്പോൾ ക്ഷേത്രം ഭാരാഹികളും പൂജാരിമാരും തിരുസ്വരൂപത്തിന് പുഷ്പമാല്യം ചാർത്തുന്ന കാഴ്ച മതമൈത്രിയുടെ അടയാളം കൂടിയാണ്. 15ന് പ്രശസ്തമായ ശയന പ്രദക്ഷിണവും നടക്കും. 22ന് വൈകീട്ട് വിശു ദ്ധയുടെ തിരുസ്വരൂപം പൊതു വണക്കം കഴിഞ്ഞ പള്ളിയുടെ ഉള്ളിലെ രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ പെരുന്നാളിന് സമാപനമാകും.