ചെന്നൈ: ബൈക്കപകടത്തില്‍ യുവതി മരിച്ചതിന് പിന്നാലെ ബൈക്കോടിച്ച യുവാവ് ജീവനൊടുക്കി. തമിഴ്‌നാട് മാമല്ലപുരത്താണ് സംഭവം. സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളായ എസ് യോഗേശ്വരൻ (20), ഇ സബ്രീന (21) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. യോഗേശ്വരന്റെ ബൈക്കില്‍ മാമല്ലപുരത്തേക്ക് പോവുകയായിരുന്നു അവര്‍. പുതുച്ചേരി റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് (പിആർടിസി) പൂഞ്ചേരി ജംക്‌ഷനു സമീപം വാഹനത്തിൽ പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചുവീണ സബ്രീനയ്ക്ക് ഗുരുതര പരിക്കേറ്റു. ഹെല്‍മറ്റ് ധരിക്കാത്തതാണ് പരിക്ക് ഗുരുതരമാക്കിയത്. സബ്രീനയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
യുവതിയുടെ മരണത്തില്‍ മനംനൊന്ത് യോഗേശ്വരൻ ആശുപത്രിയിൽ നിന്ന് ഓടി, പുതുച്ചേരിയിലേക്ക് പോവുകയായിരുന്ന മറ്റൊരു പിആർടിസി ബസിനു മുന്നിലേക്ക് ചാടി. സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചെങ്കൽപട്ട് ജില്ലാ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും രണ്ട് ബസുകളുടെയും ഡ്രൈവർമാരായ പരമശിവൻ, അറുമുഖം എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)