ദുബായ്: വനിതാ ടി20 ലോകകപ്പില്‍ പാകിസ്ഥാനെ ആറു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട ഇന്ത്യയുടെ ആദ്യ ജയമാണിത്. സ്‌കോര്‍: പാകിസ്ഥാന്‍-20 ഓവറില്‍ എട്ട് വിക്കറ്റിന് 105. ഇന്ത്യ-18.5 ഓവറില്‍ നാല് വിക്കറ്റിന് 108.
ആദ്യം ബാറ്റിംഗിനിറങ്ങിയ പാക് ബാറ്റര്‍മാര്‍ ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ പകച്ചു. എല്ലാ ഇന്ത്യന്‍ ബൗളര്‍മാരും വിക്കറ്റുകള്‍ വീഴ്ത്തി. അരുന്ധതി റെഡ്ഡി മൂന്ന് വിക്കറ്റ് വീഴ്ത്തി. ശ്രേയങ്ക പാട്ടീല്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി. രേണുക സിംഗ്, ദീപ്തി ശര്‍മ, മലയാളി താരം ശോഭന ആശ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം പങ്കിട്ടെടുത്തു. 28 റണ്‍സെടുത്ത നിദ ദാറാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍.
തുടക്കത്തില്‍ ഓപ്പണര്‍ സ്മൃതി മന്ദാനയെ നഷ്ടമായത് (7 റണ്‍സ്) ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഷഫലി വര്‍മ-32, ജെമിമ റോഡ്രിഗസ്-23, ഹര്‍മന്‍പ്രീത് സിംഗ്-29 എന്നിവര്‍ കരുതലോടെ ബാറ്റേന്തി ഇന്ത്യയെ മുന്നോട്ട് നയിച്ചു.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. തുടര്‍ന്നെത്തിയ മലയാളി താരം സജന സജീവന്‍ ആദ്യ പന്തില്‍ ഫോറു നേടി ഇന്ത്യയ്ക്ക് വേണ്ടി വിജയലക്ഷ്യം മറികടന്നു. ദീപ്തി ശര്‍മ (എട്ട് പന്തില്‍ ഏഴ്)യും, സജനയും പുറത്താകാതെ നിന്നു. റിച്ച ഘോഷ് ഗോള്‍ഡന്‍ ഡക്കായി.
പാകിസ്ഥാന് വേണ്ടി ഫാത്തിമ സന രണ്ട് വിക്കറ്റും, സാദിയ ഇഖ്ബാല്‍, ഒമൈമ സൊഹൈല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഇന്ത്യയുടെ അടുത്ത മത്സരം ഒമ്പതിന് ശ്രീലങ്കയ്‌ക്കെതിരെയാണ്.