ബെയ്‌റൂട്ട്: ഇറാനിയൻ റെവല്യൂഷണറി ഗാർഡ്‌സ് കോര്‍പ്‌സ് (ഐആർജിസി) ഖുദ്‌സ് ഫോഴ്‌സിൻ്റെ കമാൻഡറായ ഇസ്മയിൽ ഖാനിയെ ബെയ്‌റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണത്തിന് ശേഷം കാണാതായതായി റിപ്പോർട്ട്.
ബെയ്റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയെയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത് ഹിസ്ബുള്ള തലവൻ സയ്യിദ് ഹസൻ നസ്രല്ലയുടെ പിൻഗാമിയായിരുന്ന ഹാഷിം സഫീദ്ദീനെ ലക്ഷ്യമിട്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ ഹാഷിമിനെയും കാണാനില്ലെന്നാണ് അഭ്യൂഹം.
ദഹിയയിൽ ആ സമയത്ത് ഇറാനിയൻ ബ്രിഗേഡിയർ ജനറലുമുണ്ടായിരുന്നുവെന്നും, , ഇസ്രായേൽ ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റിരിക്കാമെന്നും ‘ഇസ്രായേല്‍ എന്‍12 ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.
ഇറാനിയൻ കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അവകാശപ്പെട്ടിട്ടില്ലെങ്കിലും ലെബനൻ അധികൃതർ ഖാനിയുടെ മരണം സ്ഥിരീകരിച്ചതായി മറ്റൊരു ഇസ്രായേലി വാർത്താ ഏജൻസി ചാനൽ 12 റിപ്പോര്‍ട്ട് ചെയ്തു.
ഒക്‌ടോബർ ഒന്നിന് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് ശേഷം ഇസ്രയേൽ ആക്രമണത്തെ ഭയന്ന് ഖാനിയെ കൂടുതൽ നിരീക്ഷണത്തിലാക്കിയേക്കാമെന്നും ചില റിപ്പോർട്ടുകൾ അനുമാനിക്കുന്നു.
ഇസ്രയേലിൻ്റെ ചാരസംഘടനയായ മൊസാദുമായി സഹകരിച്ചു എന്ന സംശയത്തെത്തുടർന്ന് ഖാനിയെ ഇറാൻ വധിച്ചിരിക്കാമെന്ന് സൗദിയിലെ ചില വാർത്താ ചാനലുകൾ റിപ്പോര്‍ട്ട് ചെയ്തു.
ഇറാൻ്റെ പരമോന്നത നേതാവ് അലി ഖമേനിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടന്ന പ്രാർത്ഥനയ്ക്കിടെയാണ് ഖാനിയുടെ അഭാവം ശ്രദ്ധയിൽപ്പെട്ടത്. ലെബനനിലെ ഇസ്രായേൽ ആക്രമണങ്ങൾക്കിടയിൽ ഖാനി ഹിസ്ബുള്ള ഉദ്യോഗസ്ഥരെ കാണാൻ ബെയ്റൂട്ടിലേക്ക് പോയിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ വിദേശപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന ഖാസിം സുലൈമാനിയുടെ പിന്‍ഗാമിയായാണ് ഇസ്മയില്‍ ഖാനിയെ നിയമിക്കുന്നത്. 2020 ജനുവരിയിൽ ഇറാഖിലെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം യുഎസ് ഡ്രോൺ ആക്രമണത്തിൽ സുലൈമാനി കൊല്ലപ്പെട്ടു.
സുലൈമാനിയുടെ കൊലപാതകത്തിന് ശേഷം, മേഖലയിൽ ഇറാൻ്റെ സൈനിക തന്ത്രം രൂപപ്പെടുത്തുന്നതിൽ ഖാനി നിർണായക പങ്ക് വഹിച്ചു. ഖുദ്‌സ് ഫോഴ്‌സിൻ്റെ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ്, ഖാനി കൗണ്ടർ ഇൻ്റലിജൻസ് യൂണിറ്റിൽ സ്ഥാനം വഹിച്ചിരുന്നു.