ഇന്‍ഡോര്‍: ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആറ്റോമിക് എനര്‍ജിക്ക് കീഴിലുള്ള സ്ഥാപനത്തിലെ ജീവനക്കാരനെ കബളിപ്പിച്ച് സൈബര്‍ തട്ടിപ്പുകാര്‍ 71 ലക്ഷം രൂപ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്. ഡിജിറ്റല്‍ അറസ്റ്റ് രീതി ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ 71 ലക്ഷം രൂപ തട്ടിയെടുത്തത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.
സൈബര്‍ തട്ടിപ്പിന്റെ ഒരു പുതിയ രീതിയായി മാറിയിരിക്കുകയാണ് ഡിജിറ്റല്‍ അറസ്റ്റുകള്‍. തട്ടിപ്പുകാര്‍ ഓഡിയോ അല്ലെങ്കില്‍ വീഡിയോ കോളുകള്‍ വിളിക്കുകയും പൊലീസെന്ന വ്യാജേന ഇരകളെ കബളിപ്പിക്കുകയും ചെയ്യുന്നതാണ് രീതി.
രാജാ രാമണ്ണ അഡ്വാന്‍സ്ഡ് ടെക്നോളജി സെന്ററില്‍ (ആര്‍ആര്‍സിഎടി) സയന്റിഫിക് അസിസ്റ്റന്റായി ജോലി ചെയ്യുന്ന ജീവനക്കാരനെ സെപ്തംബര്‍ ഒന്നിന് സംഘത്തിലെ ഒരാള്‍ വിളിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി.
സ്ത്രീപീഡനവുമായി ബന്ധപ്പെട്ട നിയമവിരുദ്ധമായ പരസ്യങ്ങളും വാചക സന്ദേശങ്ങളും ഡല്‍ഹിയില്‍ നിന്ന് ജീവനക്കാരന്റെ പേരില്‍ നല്‍കിയ സിം കാര്‍ഡ് വഴി ആളുകള്‍ക്ക് അയച്ചതായി ഈ വ്യാജ ട്രായ് ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടതായി അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രാജേഷ് ദണ്ഡോതിയ പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കല്‍, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി ഇരയോട് ഇയാള്‍ പറഞ്ഞു.
സംഘത്തിലെ മറ്റൊരാള്‍ സിബിഐ ഉദ്യോഗസ്ഥനെന്ന വ്യാജേന വീഡിയോ കോളിലൂടെ ആര്‍ആര്‍സിഎടി ജീവനക്കാരനെയും ഭാര്യയെയും വ്യാജമായി ചോദ്യം ചെയ്യുകയും ചെയ്തു.
ഭയന്ന യുവാവ് തട്ടിപ്പുകാര്‍ നല്‍കിയ വിവിധ അക്കൗണ്ടുകളിലായി 71.33 ലക്ഷം രൂപ അയച്ചതായി ദണ്ഡോതിയ പറഞ്ഞു. കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.