ഡല്‍ഹി: മരിച്ചുപോയ മകന്റെ കുഞ്ഞിനെ വേണമെന്ന മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ച് ഡല്‍ഹി ഹൈക്കോടതി.
മരിച്ചുപോയ വ്യക്തിയുടെ ശീതീകരിച്ച് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ബീജം അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് കൈമാറാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. 2020 സെപ്റ്റംബറില്‍ അര്‍ബുദം മൂലം മരിച്ച മകന്റെ ബീജം വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ടാണ് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്.
മകന്റെ കുഞ്ഞിനെ വേണമെന്ന മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ച കോടതി ബീജം സൂക്ഷിച്ചിട്ടുള്ള സര്‍ ഗംഗാറാം ആശുപത്രിക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. പേരക്കുട്ടികളെ മാതാപിതാക്കളുടെ അച്ഛനമ്മമാര്‍ വളര്‍ത്തുന്നത് സാധാരണമാണെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പ്രതിഭ എം. സിങ് വ്യക്തമാക്കി.
മരണാനന്തരമുള്ള പ്രത്യുല്‍പാദനത്തിന് രാജ്യത്തെ നിയമം ഒരുതരത്തിലുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. വാണിജ്യപരമായ ഉദ്ദേശ്യത്തോടെ ബീജം ഉപയോഗപ്പെടുത്താന്‍ പാടില്ലെന്നും കോടതി അറിയിച്ചു.