അമേത്തി: അമേഠിയില്‍ ദളിത് കുടുംബത്തെ മുഴുവന്‍ വെടിവെച്ചുകൊന്ന കേസില്‍ കൊലപാകത്തിന് ഉപയോഗിച്ച പിസ്റ്റള്‍ കണ്ടെടുക്കുന്നതിനിടെ പൊലീസിന് നേരെ ആക്രമണം. പൊലീസ് തിരിച്ചടിച്ചതോടെ പ്രതിക്ക് വെടിയേറ്റു.
കനാല്‍ ട്രാക്കിന് സമീപം കണ്ടെത്തിയ പിസ്റ്റള്‍ ശിവരതംഗഞ്ച് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ മദന്‍ കുമാര്‍ സിംഗ് പരിശോധിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
സിംഗ് പിസ്റ്റള്‍ പരിശോധിക്കുമ്പോള്‍ പ്രതിയായ ചന്ദന്‍ വര്‍മ്മ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിരോധത്തിനായി ഇന്‍സ്പെക്ടര്‍ തിരികെ വെടിയുതിര്‍ക്കുകയായിരുന്നു, ഇത് പ്രതിയുടെ വലതുകാലില്‍ പതിച്ചു.
വെള്ളിയാഴ്ച രാത്രി ഡല്‍ഹിയിലേക്ക് രക്ഷപ്പെടുന്നതിനിടെ നോയിഡയിലെ ടോള്‍ പ്ലാസയ്ക്ക് സമീപത്തു നിന്നുമാണ് വര്‍മയെ അറസ്റ്റ് ചെയ്തത്.
അമേഠിയിലെ അഹോര്‍വ ഭവാനി മേഖലയില്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായ സുനില്‍ കുമാര്‍ (35), ഭാര്യ പൂനം (32), ദമ്പതികളുടെ രണ്ട് പെണ്മക്കളായ ആറും ഒന്നും വയസ്സുള്ള ദൃഷ്ടി, സുനി എന്നിവരാണ് വെടിയേറ്റ് മരിച്ചത്. ഒരിക്കല്‍ വര്‍മ തന്നെ ശല്യപ്പെടുത്തിയെന്ന് പൂനം ആരോപിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
കുറ്റകൃത്യത്തിന് ഉപയോഗിച്ച നാടന്‍ പിസ്റ്റളും കറുത്ത നിറത്തിലുള്ള എന്‍ഫില്‍ഡ് ബുള്ളറ്റും പോലീസ് പിടിച്ചെടുത്തു.