56 വർഷത്തിന് ശേഷം മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ മൃതദേഹം ജന്മനാട്ടിൽ; അന്ത്യാ‍ഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ

പത്തനംതിട്ട: 56 വർഷം മുൻപ് ലേ ലഡാക്കിൽ വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ മൃതദേഹം ജന്മനാടായ ഇലന്തൂരിൽ എത്തിച്ചു. 56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ നിന്ന് കണ്ടെടുത്ത മൃതദേഹം വിലാപയാത്ര ആയിട്ടാണ് സഹോദരന്റെ വീട്ടിൽ എത്തിച്ചത്. ധീര സൈനികന് അന്ത്യാ‍ഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് ഇലന്തൂരിലെ വീട്ടിലേക്ക് ഒഴുകി എത്തുന്നത്. തോമസ് ചെറിയാന്‍റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പൂർണ്ണ സൈനിക ബഹുമതികളോടെ കാരൂർ സെൻ്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ വെച്ച് നടത്തും.

പാങ്ങോട് സൈനിക ക്യാമ്പിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ രാവിലെ 10.30ഓടെയാണ് സൈനിക അകമ്പിയോടെ ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിച്ചത്. പൊതുദർശനത്തിനും വീട്ടിലെ ചടങ്ങുകൾക്കും ശേഷം  12. 30 ഓടെ വിലാപയാത്രയായി ഇലന്തൂർ കാരൂർ സെന്‍റ് പീറ്റേഴ്‌സ്‌ പള്ളിയിലെത്തിക്കും. പള്ളിയിലും പൊതു ദർശനത്തിന് അവസരമൊരുക്കും. തുടർന്ന്  2 മണിയോടെ സംസ്‌കര ചടങ്ങുകൾ നടക്കും. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വ്യോമസേന വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം കേന്ദ്ര സംസ്ഥാന മന്ത്രിമാരും ബന്ധുക്കളും ചേർന്നാണ് ഏറ്റുവാങ്ങിയത്.

ചണ്ഡീഗഢിൽ നിന്ന്‌ ലേ ലഡാക്കിലേക്ക്‌ സൈനികരുമായി പോയി വിമാനം 1968 ഫെബ്രുവരി ഏഴിനാണ്‌ അപകടത്തിൽപ്പെട്ട്‌ മഞ്ഞുമലയിൽ കാണാതായത്‌. ആർമിയിൽ ക്രാഫ്‌റ്റ്‌സ്‌മാനായ തോമസ്‌ ചെറിയാന്‌ അന്ന്‌ 22 വയസായിരുന്നു. 1965ലാണ്‌ തോമസ്‌ ചെറിയാൻ സേനയിൽ ചേർന്നത്‌. വിമാനത്തിലുണ്ടായിരുന്ന 103 പേരിൽ 96 പേരും പട്ടാളക്കാരായിരുന്നു. തെരച്ചിൽ നടക്കുന്നതിനിടെ തിങ്കളാഴ്‌ച പകൽ 3.30ഓടെയാണ്‌ മഞ്ഞുമലകൾക്കടിയിൽ നിന്ന്‌ തോമസ്‌ ചെറിയാന്‍റെ മൃതദേഹം കണ്ടെത്തിയത്.

By admin