കുവൈത്ത് സിറ്റി: ഇറാന്‍ ചരക്കുകപ്പല്‍ കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ തൃശൂര്‍ സ്വദേശിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. തൃശൂര്‍ മണലൂര്‍ വിളക്കേത്ത് ഹനീഷ് (26) ആണ് മരിച്ചത്.
മൃതദേഹം ഇന്ന് നാട്ടിലേക്ക് അയക്കും. വ്യാഴാഴ്ച നോര്‍ക്ക മുഖേന മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും, പേപ്പര്‍ വര്‍ക്കിലെ പിശക് മൂലം മാറ്റിവയ്ക്കുകയായിരുന്നു.
ഡെക്ക് ഓപ്പറേറ്ററായിരുന്നു ഹനീഷ്. മറ്റ് ഡെക്ക് ഓപ്പറേറ്റര്‍മാരായ കണ്ണൂർ ആലക്കോട് വെള്ളാട് കൗമാക്കുടി കോട്ടയിൽ സുരേഷ്, ഒരു കൊല്‍ക്കത്ത സ്വദേശി, മൂന്ന് ഇറാന്‍ പൗരര്‍ എന്നിവരും കപ്പലിലുണ്ടായിരുന്നു.
കുവൈത്ത് നാവികസേന നടത്തിയ തിരച്ചിലില്‍ നാലു മൃതദേഹങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് ഇവ സബ്ഹാന്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. കുവൈത്തില്‍ ഇവരുടെ രേഖകള്‍ ഇല്ലാതിരുന്നതിനാല്‍ സാങ്കേതിക തടസം നേരിട്ടിരുന്നു. കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളുടെ ഡിഎന്‍എ ടെസ്റ്റ് ഫലം എംബസി ആവശ്യപ്പെട്ടു.
ഹനീഷിന്റെ മാതാപിതാക്കളുടെ ഡിഎന്‍എ ടെസ്റ്റ് ഫലം കുവൈത്ത് എംബസിയിലേക്ക് കഴിഞ്ഞ 13ന് അയച്ചിരുന്നു. തുടര്‍ന്നാണ് യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. കൊല്‍ക്കത്ത സ്വദേശിയുടെ മൃതദേഹവും തിരിച്ചറിഞ്ഞു. അത് വ്യാഴാഴ്ച നാട്ടിലേക്ക് അയക്കുകയും ചെയ്തു. സുരേഷിനെക്കുറിച്ച് ഇതുവരെ സ്ഥിരീകരണമില്ല.
അൽ ബക്തർ –1 എന്ന ഇറാനിയൻ വാണിജ്യക്കപ്പൽ ഓഗസ്റ്റ് 30 നാണ് കുവൈത്ത് തുറമുഖത്തിനടുത്ത് അപകടത്തിൽപ്പെട്ടത്. ജനുവരി 21 നാണ് ഹനീഷ് അൽ ബക്തർ കപ്പലിൽ ജോലിക്കായി ചേർന്നത്. പിതാവ്: ഹരിദാസന്‍. മാതാവ്‌: നിമ്മി. സഹോദരൻ: ആഷിക്. 

By admin

Leave a Reply

Your email address will not be published. Required fields are marked *