തിരുവനന്തപുരം: ഗുരുതര ആരോപണങ്ങളെത്തുടർന്ന് ക്രമസമാധാന ചുമതലയുള്ള എ.‌ഡി.ജി.പി എം.ആർ അജിത്കുമാറിനെ തൽസ്ഥാനത്ത് നിന്ന് നീക്കിയാൽ ഏറ്റവും സാദ്ധ്യത ആ സ്ഥാനത്തേക്ക് കൽപ്പിക്കപ്പെടുന്നത് ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കടേശിനാണ്. 
വിവാദങ്ങളിൽ പെടാത്ത, ക്ലീൻ ഓഫീസർ എന്ന പ്രതിച്ഛായയാണ് വെങ്കടേശിനുള്ളത്. മാത്രമല്ല, ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ സത്യം കേസ് അടക്കം തെളിയിച്ച് കുറ്റാന്വേഷണത്തിൽ മികവു തെളിയിച്ച ഉദ്യോഗസ്ഥനുമാണ്. 

ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കടേശിനെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയാക്കിയാൽ അജിത്തിനെ ജയിൽ മേധാവിയാക്കി, അവിടെനിന്ന് ബൽറാംകുമാർ ഉപാദ്ധ്യായയെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റാനാണിട. 

അല്ലെങ്കിൽ അജിത് ഇപ്പോൾ വഹിക്കുന്ന അധികചുമതലയായ ബറ്റാലിയൻ എ.ഡി.ജി.പിയുടെ പദവിയിൽ സ്ഥിരപ്പെടുത്താനും ആലോചനയുണ്ട്. എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയാൽ പകരം ആരെ നിയമിക്കുമെന്നതിൽ പോലീസിൽ ചൂടേറിയ ചർച്ചയാണ്.
ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് സിനിമയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള അന്വേഷണം, തൃശൂർ പൂരം കലക്കിയതിലെ ഗൂഢാലോചന അടക്കം നിരവധി കേസുകൾ അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്. 
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ ഉദ്യോഗസ്ഥനാണ് വെങ്കടേശ്. സി.ബി.ഐയിൽ ഡെപ്യൂട്ടേഷനിലായിരിക്കേ അന്നത്തെ എം.പി.യായ വൈ.എസ് ജഗൻമോഹൻ റെഡ്ഡിയെ അറസ്റ്റുചെയ്ത് ദേശീയ ശ്രദ്ധ നേടിയിരുന്നു. സി.ബി.ഐയിൽ ഹൈ വോൾട്ടേജ് വെങ്കിടേശ് എന്നാണ് ഹൈദരാബാദുകാരനായ ഈ ഉദ്യോഗസ്ഥൻ അറിയപ്പെട്ടിരുന്നത്.

ജഗൻമോഹൻ റെഡ്ഡിക്കെതിരായ കേസ്, കർണാടക മുൻ മന്ത്രിയും ഖനി രാജാവുമായ ഗാലി ജനാർദ്ദൻ റെഡ്ഡിയുടെ 16,000കോടിയുടെ കേസ്, സത്യം കമ്പ്യൂട്ട‌ർ സ‌ർവീസിന്റെ 14162കോടിയുടെ തട്ടിപ്പ്, മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയംഗമായിരുന്ന ആസാദിനെ ആസിഫാബാദിലെ വനത്തിൽ വ്യാജഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ കേസ് തുടങ്ങിയവ അന്വേഷിച്ച് പേരെടുത്തു. 

സി.ബി.ഐയിലെ ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയായപ്പോൾ ഈ കേസുകളിൽ കുറ്റപത്രം നൽകാൻ വീണ്ടും കാലാവധി നീട്ടി. ജഗൻ മോഹനെതിരെയും ജനാർദ്ദൻ റെഡ്ഡിക്കുമെതിരേ അന്വേഷണത്തിന് സി.ബി.ഐ ഉദ്യോഗസ്ഥർ മടിച്ചപ്പോൾ വെങ്കടേശ് സധൈര്യം ഏറ്റെടുത്തു. 
ആയിരത്തിലേറെ കോടി അനധികൃതമായി സമ്പാദിച്ച കേസിൽ ജഗനെ പാർട്ടിക്കാരുടെ പ്രതിഷേധം മറികടന്ന് പിടികൂടിയത് വെങ്കടേശാണ്. ആഭ്യന്തര മന്ത്രിയായിരുന്ന സബിതാ ഇന്ദ്രറെഡ്ഡിയും കുറ്റക്കാരിയാണെന്ന് കണ്ടെത്തി. 
ഈ അന്വേഷണത്തിന്റെ ഭാഗമായാണ് ഖനിരാജാവ് ജനാർദ്ദൻ റെഡ്ഡിയെയും സഹോദരീ ഭർത്താവും ഖനി കമ്പനി ഡയറക്ടറുമായ ഡി.സി ശ്രീനിവാസ റെഡ്ഡിയെയും അറസ്റ്റ് ചെയ്തത്. 
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ചെയർമാനായിരുന്ന എൻ.ശ്രീനിവാസൻ, മൂന്ന് മന്ത്രിമാർ, 5 ഐ.എ.എസുകാർ എന്നിവരെയും പ്രതിയാക്കി.
മാറാട് കലാപശേഷം കോഴിക്കോട്ട് ക്രമസമാധാനനില സാധാരണ നിലയിലേക്കെത്തിക്കുന്നതിന് അന്നത്തെ സിറ്റി പോലീസ് കമ്മിഷണറായിരുന്ന വെങ്കിടേഷിന്റെ പ്രവർത്തനം വലുതായിരുന്നു.

 25 വർഷത്തെ സേവനത്തിനിടയിൽ 90-ൽ അധികം അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1998 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ വെങ്കിടേഷ് കൊച്ചി എ.സി.പി.യായിട്ടാണ് സർവീസ് തുടങ്ങിയത്. 

2009-ൽ ഡെപ്യൂട്ടേഷനിൽ സി.ബി.ഐ.യിലേക്കു പോയി. വീണ്ടും 2009-ൽ സി.ബി.ഐ.യിൽ എത്തിയപ്പോഴാണ് അന്നത്തെ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ആർ.റെഡ്ഡിയുടെ സ്വാധീനം ഉപയോഗിച്ച് മകനും എം.പി.യുമായിരുന്ന വൈ.എസ്.ജഗൻമോഹൻ റെഡ്ഡി അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. 
കേസിലെ ഒന്നാം പ്രതിയായ ജഗൻമോഹൻ റെഡ്ഡിയെ 2012-ൽ എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. രാജ്യത്തെ ഞെട്ടിച്ച കോർപ്പറേറ്റ് തട്ടിപ്പായ സത്യം കുംഭകോണം കേസ് അന്വേഷിച്ചതും ഈ ഉദ്യോഗസ്ഥൻതന്നെയായിരുന്നു. 200 സാക്ഷികളും 3126 രേഖകളുമുണ്ടായിരുന്ന ആ കേസിൽ നേരിട്ടാണ് അദ്ദേഹം മേൽനോട്ടം വഹിച്ചത്.

ഒബുലാപുരം ഖനന കേസ്, 2010-ലെ റെയിൽവേ റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസ് എന്നിവയും അദ്ദേഹം അന്വേഷിച്ചു. മാവോവാദിയായിരുന്ന ചെറുകുറി രാജ്കുമാർ എന്ന ആസാദിന്റെ ഏറ്റുമുട്ടൽ കൊലപാതകം സുപ്രീംകോടതി നിർദേശപ്രകാരം വിജയകരമായി അന്വേഷണം പൂർത്തിയാക്കിയതിന് വെങ്കിടേഷിനെ സുപ്രീംകോടതി അഭിനന്ദിക്കുകയും ചെയ്തിരുന്നു. 

ഐക്യരാഷ്‌ട്രസഭയുടെ ദൗത്യത്തിന്റെ ഭാഗമായി സുഡാനിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറായിരിക്കേ ബൂസ്റ്റർ പട്രോൾ, ഐ സേഫ്, സേവ് എ ടീനേജ് തുടങ്ങിയ പദ്ധതികൾ ആവിഷ്‌കരിച്ചു. നഗരത്തിലെ കുറ്റകൃത്യങ്ങൾ വലിയതോതിൽ കുറയ്ക്കാൻ ഇതു കാരണമായി. 
2014-ൽ എച്ച്.വെങ്കിടേഷിന് രാഷ്ട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. 2014-ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ഉമയാണ് ഭാര്യ. മക്കൾ: പ്രിയ, ശ്രീകർ.

By admin

Leave a Reply

Your email address will not be published. Required fields are marked *