തിരുവനന്തപുരം: ശംഖുമുഖം ബീച്ചിന്റെ പരിസരത്തു നിന്നും ഡോക്ടറുടെ ബൈക്കും മൊബൈൽ ഫോണും അടിച്ചുമാറ്റിയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് മന്നൂർക്കോണം പേരിലയിൽ രാജീവ്(22), പൂന്തുറ മാണിക്യവിളാകത്ത് അൽത്താഫ് (22) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 30-നാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം ശംഖുമുഖത്തെത്തിയ ഡോക്ടറുടെ ബൈക്കാണ് മോഷ്ടാക്കൾ അപഹരിച്ചത്. ബൈക്കിനുള്ളിലുണ്ടായിരുന്ന മൊബൈൽഫോണും കവർന്നു. തീരത്ത് ഒരുമണിക്കൂറോളം വിശ്രമിച്ചശേഷം ഡോക്ടര്‍ തിരികെ എത്തിയപ്പോഴാണ് ബൈക്ക് കാണാനില്ലെന്ന് മനസിലായത്. സമീപത്ത് അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടർന്ന് വലിയതുറ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.
എസ്.എച്ച്.ഒ. അശോക കുമാർ, എസ്.ഐമാരായ എം. ഇൻസമാം, എസ്.വി. അജേഷ് കുമാർ, സി.പി.ഒ. വരുൺഘോഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ഒന്നാം പ്രതി രാജിവിനെതിരെ പോക്‌സോ കേസും രണ്ടാം പ്രതി അൽത്താഫിന്റെ പേരിൽ പൂന്തുറ സ്‌റ്റേഷൻ പരിധിയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസുമുണ്ടെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.