കോട്ടയം: ഭക്ഷണം പാഴ്സല്‍ നല്‍കുമ്പോള്‍ ആഹാരം തയ്യാറാക്കിയ സമയക്രമം ഉള്‍പ്പെടെയുള്ള ലേബലുകള്‍ കവറില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദേശം പാലിക്കാതെ ഹോട്ടലുകള്‍. 
സംസ്ഥാനത്ത് ഇന്നു പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില ഹോട്ടലുകളില്‍ മാത്രമാണ് ഇത്തരത്തില്‍ ലേബലുകള്‍ ഒട്ടിക്കുന്നത്. ലേബലില്‍ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് നിര്‍ശേത്തില്‍ പറയുന്നത്. 
കോട്ടയം സംക്രാന്തിയില്‍ കുഴിമന്തി പാഴ്‌സല്‍ വാങ്ങി കഴിച്ച നഴ്‌സ് മരിച്ചിരുന്നു. പാഴ്‌സല്‍ വാങ്ങി ഏറെ വൈകി കഴിച്ചതോടെ കുഴിമന്തിക്കൊപ്പം ഉണ്ടായിരുന്ന മയോണൈസാണ് നഴ്‌സിന്റെ ജീവന്‍ എടുത്ത്. ഇതോടെയാണ് ഇത്തരത്തില്‍ ലേബല്‍ ഒട്ടിക്കണമെന്ന കര്‍ശന നിര്‍ദേശം ഭക്ഷ്യസുരക്ഷാ വിഭാഗം നല്‍കിയത്. 
എന്നാല്‍, ഉത്തരവിറക്കി തുടക്കകാലത്ത് ഇതു ഹോട്ടലുകള്‍ പാലിച്ചിരുന്നെങ്കിലും പിന്നീട് എല്ലാം പഴയപടിയായി. ഇതോടെ 2024 ജനുവരിയില്‍ വീണ്ടും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് ഉത്തരവ് വീണ്ടും ഇറക്കേണ്ടി വന്നു. 

കടകളില്‍ നിന്നും പാഴ്സലായി വാങ്ങുന്ന ഊണ്, കറികള്‍, സ്നാക്സുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് നിയമം ബാധകമാണ്.

ഷവര്‍മ്മ പോലുള്ള ഭക്ഷണങ്ങള്‍ പാഴ്സല്‍ നല്‍കിയ ശേഷം ആളുകള്‍ അവരുടെ സൗകര്യപ്രദം കഴിക്കുന്നതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നത്. 
ചില ഭക്ഷണങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ കഴിച്ചില്ലെങ്കില്‍ ഭക്ഷ്യവിഷബാധയേല്‍ക്കാന്‍ കാരണമാകുന്നു. ഇതു തടയാന്‍ ഹോട്ടലുകാര്‍ പാഴ്സല്‍ നല്‍കുമ്പോള്‍ ഉപയോഗിക്കേണ്ട സമയപരിധി കൃത്യമായി അടയാളപ്പെടുത്തണമെന്നും സമയ പരിധിക്കുള്ളില്‍ ഭക്ഷണം കഴിക്കാന്‍ ആളുകള്‍ക്ക് ഇത് സഹായകമാണ്. 
നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ പറഞ്ഞിരുന്നെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്നു മാത്രം. ഇതോടെ ഹോട്ടലുകളും ഉത്തരവ് നടപ്പാക്കാന്‍ മുതിര്‍ന്നില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *