പാതയോരത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്ക് രക്ഷയില്ല, ടിപ്പറിൽ നിന്ന് മോഷണം പോയത് ബാറ്ററികളും സെൻസറും

സുല്‍ത്താന്‍ ബത്തേരി: സര്‍വീസ് കഴിഞ്ഞ് പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയിലെ ബാറ്ററികള്‍ അപഹരിച്ചു. തിരുനെല്ലി സര്‍വീസ് സ്റ്റേഷന് സമീപം ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി. മാടക്കര സ്വദേശി ആസിഫിന്റെ ഉടമസ്ഥതയിലുള്ള ടിപ്പറിന്റെ രണ്ട് ബാറ്ററികളാണ് ചൊവ്വാഴ്ച രാത്രി മോഷണം പോയത്. ബത്തേരി പൊലീസില്‍ പരാതി നല്‍കി. 

രാവിലെ കര്‍ണാടകയിലേക്ക് പോകാനായി ഡ്രൈവറായ റഹീം വാഹനമെടുക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. 13000 രൂപ വില വരുന്ന രണ്ടു ബാറ്ററികളാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ആഴ്ചകള്‍ക്കുമുമ്പ് പാതിരിപ്പാലത്ത് നിര്‍ത്തിയിട്ട മറ്റൊരു ടിപ്പറിന്‍റെ സെന്‍സര്‍ മോഷണം പോയിരുന്നു. പാതയോരങ്ങളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ ലക്ഷ്യമിടുന്ന മോഷ്ടാക്കളെ ഉടന്‍ പിടികൂടണമെന്ന് ലോറി ഉടമകളും ജീവനക്കാരും ആവശ്യപ്പെട്ടു.

റോഡരികിൽ നിർത്തിയിടുന്ന വലിയ വാഹനങ്ങളുടെ ബാറ്ററി മോഷ്ടിക്കുന്ന ഒരു സംഘം നേരത്തെ ആലപ്പുഴയിൽ പിടിയിലായിരുന്നു. സെപ്തംബർ 9ന് പുലർച്ചെ കൊല്ലം – തേനി ദേശീയ പാതയിൽ ചാവടി ജംഗ്ഷന് സമീപം നിർത്തിയിട്ടിരുന്ന ഭാരത് ബെൻസ് ലോറിയുടെ പുതിയ ബാറ്ററികൾ മോഷ്ടിച്ച സംഭവത്തിലാണ് അറസ്റ്റ്. കൊല്ലം സ്വദേശികളായ സമദ്, പ്രദീപ് എന്നിവരാണ് അറസ്റ്റിലായത്. ആദിക്കാട്ടുകുളങ്ങര സ്വദേശി ഷമീറിന്റെ ഉടമസ്ഥതയിലുള്ള ലോറിയിലെ  40,000 രൂപ വില വരുന്ന ബാറ്ററികളാണ് വെളുപ്പിന് സ്കൂട്ടറിൽ എത്തിയ പ്രതികൾ മോഷ്ടിച്ചത്. ചക്കുവളളിയിലെ ആക്രിക്കടയിൽ പ്രതികളെ എത്തിച്ചു നടത്തിയ തെളിവെടുപ്പിൽ രണ്ടു ബാറ്ററികൾ കണ്ടെടുത്തു. 

പ്രതികൾ സമാനമായ രീതിയിൽ ശൂരനാട്, അടൂർ സ്റ്റേഷൻ പരിധിയിൽ മോഷണം നടത്തിയതായി പൊലീസിന് സംശമുണ്ട്. സിസിടിവി ഇല്ലാത്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്ത വാഹനങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ മോഷണം നടത്തിയത്. 

7 മീറ്ററോളം നീളം, ഒറ്റമശ്ശേരി തീരത്ത് കൂറ്റൻ തിമിംഗലത്തിന്‍റെ ജഡം, കരയ്ക്കടുപ്പിച്ചത് കയർ കെട്ടി വലിച്ച്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin